കേള്‍ക്കാന്‍ കൗതുകമൊക്കെയുണ്ടെങ്കിലും കുട്ടികള്‍ക്ക് ഒരു മനോഭാരം അനുഭവപ്പെട്ടു. ദഹിക്കാന്‍ എന്തോ പ്രയാസം പോലെ. ഇത്രയും സൂക്ഷ്മ വിശകലനങ്ങള്‍ക്ക് നിന്നു കൊടുക്കാന്‍ ആര്‍ക്കാണിന്ന് സമയം? സങ്കടങ്ങളും പ്രാരബ്ധങ്ങളുമായി വരുന്ന സാധാരണ മനുഷ്യര്‍ക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാവും? സ്വന്തം നക്ഷത്രം പോലുമറിയാതെയാണ് പലരും വരുന്നത്. പിന്നെയല്ലേ ഉപനക്ഷത്രം?
”നിത്യജാതക പരിശോധനയില്‍ ഇതെല്ലാം പ്രയോഗിക്കുന്നുവോ എന്നതല്ല”, രാമശേഷന്‍ സമാധാനവാക്കുപോലെ പറഞ്ഞു: ”ഒരു ജോത്സ്യന്‍ ഇതറിഞ്ഞിരിക്കണം… സമ്പ്രദായം തെറ്റുന്നു എന്നു തോന്നുമ്പോള്‍ എടുത്തു പരീക്ഷിക്കാന്‍…” കുട്ടികള്‍ അതുള്‍ക്കൊണ്ടു.
ആ നേരം എന്തോ രാമശേഷന്‍ രഘുപാര്‍ത്ഥനെ ഓര്‍ത്തു. നല്ല ബുദ്ധിയുള്ള ശിഷ്യന്‍, എന്നാല്‍ കുറുക്കുവഴികള്‍ പ്രിയമുള്ളവന്‍… അവനെങ്ങനെ നക്ഷത്രസിദ്ധാന്തം ഉള്‍ക്കൊള്ളും, പഠിച്ച് പരീക്ഷയെഴുതി പാസ്സാവും, പ്രയോഗിക്കും?
രഘുപാര്‍ത്ഥന്‍ സ്ഥിരമായി ക്ലാസ്സില്‍ വരാറില്ലെന്ന് കുട്ടികള്‍ അനുഭവം പറഞ്ഞു. ഇടയ്‌ക്ക് ഒരു മിന്നായം പോലെ കാണാം. ചിലപ്പോള്‍ സെമിനാറിന്റെ ആദ്യ ദിവസം വരും. രണ്ടാം ദിനം കാണില്ല. ചിലപ്പോള്‍ ചില പീര്യഡുകളില്‍ മിസ്സിങ്ങായിരിക്കും. പിന്നെയങ്ങനെ ഇയാള്‍ എം.എ. പൂര്‍ത്തിയാക്കും എന്ന് വെറുതെ തോന്നി.
തൂത്തുക്കുടിയില്‍ ദിനകരന്‍ സാറുടെ മകളുടെ തീരുമാനത്തിന് ചെന്നപ്പോള്‍ പഴയ സഹപാഠികളെ കണ്ടു. പലരും ക്ഷണമില്ലാതെ അറിഞ്ഞു വന്നവര്‍… വിവാഹ സന്നിധിയില്‍ എവിടെയെങ്കിലും അദൃശ്യസാന്നിധ്യമായി ദിനകരന്‍ സാറുണ്ടാവുമോ എന്നു തിരഞ്ഞു. ആശീര്‍വാദം കഴിഞ്ഞ് ഉണ്ണാന്‍ നില്‍ക്കുമ്പോള്‍ സ്വകാര്യ അജണ്ടയുമായി തിരുനാവക്കരശ് അരികില്‍ വന്നു.
”വരൂ… മുറിയില്‍ എല്ലാ സംവിധാനങ്ങളുമുണ്ട്…” ഒരുപാട് കാലമായി മനസ്സിന്റെ കെട്ടഴിച്ചിട്ട്, വിചാരിച്ചു. തിരുനാവുക്കരശ് നല്ല സുഹൃത്താണ്.
മുറിയില്‍ ആരുമുണ്ടായിരുന്നില്ല. ആ സ്വകാര്യതയുടെ സുഖം ഒരു മണിക്കൂറോളം നീണ്ടു. പ്രധാനമായും പ്രമാണങ്ങളിലെ പ്രാദേശിക വ്യത്യാസങ്ങളെക്കുറിച്ചാണ് ഇരുവരും ഉത്കണ്ഠപ്പെട്ടത്. നാഗര്‍കോവില്‍ ടൗണിലാണ് തിരുനാവക്കരശ് പ്രാകീട്‌സ് ചെയ്യുന്നത്. അവിടെ അയാള്‍ ഉത്തമത്തില്‍ ചേരുമെന്ന് പറയുന്ന ജാതകങ്ങള്‍ തിരുവനന്തപുരത്തെ ജ്യോത്സ്യന്മാര്‍ ചേരില്ല എന്നുപറയുന്നു. അവിടെ ചേരുന്നത് അരശിന് ചേര്‍ച്ചയുള്ളതായി ബോധ്യപ്പെടുന്നില്ല.
ഇതേ ആശങ്ക രാമശേഷനും പങ്കുവെച്ചു. പാലക്കാടിനും കോയമ്പത്തൂരിനുമിടയ്‌ക്കുള്ള അതിര്‍ത്തി ഗ്രാമം വാളയാറാണ്. വാളയാര്‍ കഴിഞ്ഞാല്‍ ജാതകത്തില്‍ ഗുളികനില്ല. ശുക്രന് പാപമധ്യസ്ഥിതിയില്ല. ചതുരശ്ര ദോഷമില്ല.
”ഇത് വലിയൊരു ന്യൂനതയല്ലേ സാര്‍?”, കുട്ടികള്‍ മനസ്സ് കുടഞ്ഞു: ”ഇങ്ങനെ വരുമ്പോള്‍ കഷ്ടത്തിലാവുന്നത് സാധാരണ ജനങ്ങളല്ലേ?”
ദേശങ്ങള്‍ മാറുമ്പോള്‍ സംസ്‌കൃതിയില്‍ വ്യതിയാനങ്ങള്‍ വരുന്നതുപോലെതന്നെയാണ് ഇതും. ഇന്ത്യക്ക് പൊതുസംസ്‌കാരം എന്നൊന്നുണ്ടോ? സംസ്‌കാരത്തിലെ വൈവിധ്യമല്ലേ നമ്മുടെ രാജ്യം? അത്തരമൊരു താരതമ്യം ജ്യോതിഷം പോലൊരു ശാസ്ത്രത്തില്‍ യുക്തിഭദ്രമല്ല എങ്കിലും അങ്ങനെ ചിന്തിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഒരു സംസ്ഥാനത്തില്‍ത്തന്നെ തെക്ക് വടക്ക് എന്നിങ്ങനെ പ്രമാണവ്യതിയാനങ്ങള്‍ കാണുന്നുണ്ട്, നേരിയതാണെങ്കില്‍ പോലും.
”അങ്ങനെ വരുമ്പോള്‍ എന്തു ചെയ്യാന്‍ കഴിയും?”
”നമ്മള്‍ പഠിച്ച ഗ്രന്ഥങ്ങള്‍, പ്രമാണങ്ങള്‍, ഗുരുനാഥന്മാര്‍ നമുക്ക് കാട്ടിത്തന്ന വഴികള്‍… അത് പിന്തുടരുക…” രാമശേഷന്‍ തുടര്‍ന്നു.
”എനിക്ക് നാലു ഗുരുനാഥന്മാരുണ്ടായിട്ടുണ്ട്… അതില്‍ മൂന്നു പേര്‍ കേരളത്തിലും ഒരാള്‍ തമിഴ്‌നാട്ടിലുമാണ്… അവരില്‍നിന്നു മനസ്സിലാക്കിയതില്‍ പൊതുവായുള്ളത് ഞാനെടുക്കുന്നു… എനിക്കും യുക്തിഭദ്രമെന്ന് തോന്നുന്നത്… അങ്ങനെയാവുമ്പോള്‍ വലിയ കുഴപ്പമില്ല…”
കുട്ടികള്‍ അതുള്‍ക്കൊണ്ടു. അവരുടെ മുഖത്ത് ഒരു പ്രസാദം.
ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ തിരുനാവുക്കരശ് കെട്ടിപ്പിടിച്ചു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജ്യോതിഷികള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും കണ്ടുമുട്ടാന്‍ വേദിയുണ്ടാക്കണമെന്ന് അരശ് നിര്‍ദ്ദേശിച്ചു. ആശയ സംവാദങ്ങളുടെ വേദിയായിരിക്കണം അത്. ഇരുദേശങ്ങളും നേരിടുന്ന ആശങ്കകള്‍ വലിയ പരിധി വരെ പരിഹരിക്കാന്‍ അത് സഹായകമാകും.
ബസ്സില്‍ മടങ്ങുമ്പോള്‍ ആലോചിച്ചു. ആരു മുന്‍കയ്യെടുക്കും? എല്ലാവരും സമയമില്ലാതെ ഓടുകയല്ലേ?
വീട്ടിലെത്തിയപ്പോല്‍ രണ്ടു തപാലുകള്‍.
”കുറേയായില്ലേ കഥ എഴുതിയിട്ട്,” കെ.സി. നാരായണന്‍ സാറുടെ സ്‌നേഹ പൂര്‍ണമായ വരികള്‍. ”ഈ വര്‍ഷം മനോരമ ഓണപ്പതിപ്പിലേക്ക് ഒരു കഥ അയക്കൂ… ചെറുതായാലും മതി…”
ഒരു കഥയെഴുതിയിട്ട് ആറു വര്‍ഷമായി. ജ്യോതിഷ പഠനം, വീടുപണി, കുടുംബ പ്രാരാബ്ധങ്ങള്‍… ഈ തിരക്കിനിടക്ക് മനസ്സില്‍നിന്നും കഥയുടെ ചരട് പൊട്ടി. വായനയും നിന്നു.
ഒരു കഥ എങ്ങനെയാണ് തുടങ്ങേണ്ടത്?
വര്‍ഷത്തില്‍ ഏഴും എട്ടും കഥകള്‍ എഴുതിയിരുന്ന കാലമുണ്ടായിരുന്നു. ആ കാലം പോയി. ഇപ്പോള്‍ ഓട്ടപ്പാത്രമായി നില്‍ക്കുന്നു.
എങ്ങനെയാണ് ഒരു കഥ തുടങ്ങുക?
കെ.സി. സാര്‍ ചോദിച്ചാല്‍ കഥ കൊടുക്കാതിരിക്കാന്‍ കഴിയില്ല. ഒരു കാലത്ത് ‘അഗ്രഹാര കഥകള്‍’ എഴുതാന്‍ ഏറെ പ്രോത്സാഹിപ്പിച്ച പത്രാധിപരാണ്.
നോക്കാം. സമയമുണ്ടല്ലോ.
രണ്ടാമത്തെ തപാല്‍ വലിയൊരു ‘പസില്‍’ പോലെയായിരുന്നു. ബെംഗളൂരുവില്‍നിന്നും രുക്കു ചിത്തിയുടെ ദീര്‍ഘമായ കത്ത്.
ഗൈനക്കോളജിസ്റ്റിന്റെ കണക്കു പടി വരുന്ന ഡിസംബര്‍ ഏഴിനാണ് മകള്‍ ചാരുവിന്റെ പ്രസവം. കുഞ്ഞിന് പതിവിലും കൂടുതല്‍ ഭാരമുണ്ടത്രേ. മിക്കവാറും സിസേറിയനാവാനാണ് സാധ്യത.
അങ്ങനെ വരുന്ന പക്ഷം നല്ലൊരു നക്ഷത്രം കിട്ടണം, നല്ല തൊഴില്‍ ഭാവം, ദാമ്പത്യഭാവം, സന്താനഭാവം കിട്ടണം. അച്ഛനമ്മമാരോടും മുതിര്‍ന്നവരോടും സ്‌നേഹബഹുമാനങ്ങളുണ്ടാവണം. രോഗഭാവം ക്ലിയര്‍ ആയിരിക്കണം. നല്ല ആയുസ്സു വേണം, യോഗങ്ങളുണ്ടാവണം, ഏറ്റവും പ്രധാനമായി ഭാഗ്യഭാവം ശക്തമായിരിക്കണം.
ഇങ്ങനെ എല്ലാം ചേര്‍ന്നുവരുന്ന ഒരു തീയതി, സമയം കൃത്യമായി നിര്‍ദ്ദേശിച്ചു തന്ന് സഹായിക്കണം. രാമശേഷന് ആ കത്ത് കീറി വലിച്ചെറിയാന്‍ തോന്നി. ഞാനാര് പ്രപഞ്ചനാഥനോ?കുഞ്ഞുംനാളില്‍ ഒരുപാട് തൈര്ശ്ശാതം ഉരുട്ടിത്തന്നവളാണ് രുക്കു ചിത്തി. അതിനാല്‍, അതിനാല്‍ മാത്രം ആ രുചിയുടെ ഓര്‍മ്മയില്‍ രാമശേഷന്‍ ആ കത്തെടുത്ത് ഡയറിക്കുള്ളില്‍ സൂക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: