കോഴിക്കോട്: രാജ്യത്തെ ഇരുപത്തിയെട്ട് സംസ്ഥാനങ്ങളും കേരള ഗവര്‍ണര്‍ക്കൊപ്പമുണ്ടെന്ന് മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ല. കേരളത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഗവര്‍ണര്‍ ആണെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാറും യുഡിഎഫുമാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നതെന്നും അദേഹം പറഞ്ഞു.
ഭരണഘടനാപരമായ കാര്യങ്ങളില്‍ മുന്നോട്ട് പോകുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ഗവര്‍ണര്‍ സ്ഥാനം വേണമോ വേണ്ടയോ എന്നുള്ളത് കാലാകാലങ്ങളില്‍ രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയുന്നതാണ്. അവരെ ഇന്ത്യയിലെ ജനങ്ങള്‍ നിരാകരിച്ചിട്ടുമുണ്ട്. ഭരണഘടനയില്‍ മാറ്റം വരുത്തേണ്ടത് പാര്‍ലമെന്റാണെന്നും ശ്രീധരന്‍പിള്ള കോഴിക്കോട്ട് പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും രംഗത്തെത്തി. വ്യക്തിയെ അല്ല, ഭരണഘടനാ പദവിയെ ആണ് ബഹുമാനിക്കണ്ടത്. ആരിഫ് മുഹമ്മദ് ഖാനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് ശരിയല്ലെന്നും കിരണ്‍ ബേദി പറഞ്ഞു.
















