ന്യൂദല്‍ഹി: വരുന്ന ദല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നിര്‍ഭയയുടെ അമ്മ ആശദേവി. ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരേ ആശാ ദേവി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ഇതു പൂര്‍ണമായും തള്ളി ആശ രംഗത്തെത്തി. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് താത്പര്യമില്ലെന്നു ആശ വ്യക്തമാക്കി. ദല്‍ഹി കോണ്‍ഗ്രസ് ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ കീര്‍ത്തി ആസാദാണ് ആശ ദേവി കോണ്‍ഗ്രസില്‍ ചേരുമെന്ന സൂചന നല്‍കി ട്വീറ്റ് ചെയ്തത്. അമ്മയ്‌ക്ക് സല്യൂട്ട്, ആശ ദേവിക്ക് സ്വാഗതം എന്നായിരുന്നു കീര്‍ത്തിയുടെ ട്വീറ്റ്.
ഇതിനു ശേഷമാണ് പ്രതികരണവുമായി ആശ രംഗത്തെത്തിയത്. എനിക്ക് രാഷ്‌ട്രീയത്തിലറിങ്ങാന്‍ താത്പര്യമില്ല, എന്റെ മകള്‍ക്ക് നീതി ലഭിക്കാന്‍ പ്രതികളെ തൂക്കിലേറ്റുന്നത് കാത്തിരിക്കുകയാണ് ഞാന്‍. ഒരു കോണ്‍ഗ്രസ് നേതാവുമായി ഞാന്‍ സംസാരിച്ചിട്ടില്ലെന്നും ആശ. ആശയുടെ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്ത നിര്‍ഭയയുടെ പിതാവ് ബദരിനാഥും തള്ളി.
















