ന്യൂദല്‍ഹി : ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ചില തീവ്രവാദ സംഘടനകള്‍ കലാപത്തിന് ആക്കം കൂട്ടുന്നെന്ന റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദല്‍ഹി പോലീസിന് കരുതല്‍ തടങ്കല്‍ അടക്കം പൂര്‍ണ അധികാരം നല്‍കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ തീരുമാനിച്ചത്. ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ കരുതല്‍ തടങ്കലില്‍ വെയ്‌ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. ദേശീയ സുരക്ഷാ നിയമം 1980 പ്രകാരമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൂന്നുമാസം കൂടുമ്പോള്‍ ഉത്തരവുകള്‍ പുനപരിശോധിച്ച് ഇറക്കാറുണ്ട്. അതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഉത്തരവും ഇറക്കിയിരിക്കുന്നത്.
ഇതുപ്രകാരം അക്രമകാരിയോ പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നോ തോന്നിയാല്‍ കുറ്റം ചുമത്താതെ അവരെ കസ്റ്റഡിയില്‍ എടുക്കാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം.
ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ തടഞ്ഞുവെക്കാനുള്ള അധികാരവും ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇതുപ്രകാരം ദേശീയ സുരക്ഷ നിയമപ്രകാരം വ്യക്തികളെ 12 മാസംവരെ കുറ്റങ്ങളൊന്നും ചുമത്താതെ തടവില്‍ വെക്കാന്‍ അധികാരമുണ്ട്. അതേസമയം എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് വ്യക്തികളെ 10 ദിവസത്തേക്ക് അറിയിക്കണമെന്നുമില്ല. അതേസമയം പുതിയ തീരുമാനത്തെ സിഎഎ, എന്‍ആര്‍സി നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നതുമായി ബന്ധപ്പെടുത്തി പെരുപ്പിച്ചു കാണിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ തീരുമാനത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇത്തരം ഉത്തരവുകള്‍ ഉണ്ടാകാറുണ്ട്. പതിവ് രീതിയുടെ ഭാഗമാണിത്. നിലവിലെ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ദല്‍ഹി പോലീസ് കൂട്ടിച്ചേര്‍ത്തു.
















