ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന അതിരു കടന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസ്. നടുറോഡിലെ പ്രതിഷേധങ്ങളുടെ പേരില്‍ വന്‍ ട്രാഫിക്ക് ബ്ലോക്കാണ് പലയിടങ്ങളിലും. ഇതു ജനങ്ങളുടെ വന്‍പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിനു പരിഹാരം കാണാനായി ദല്‍ഹി പോലീസിനു പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. പ്രത്യേക കുറ്റങ്ങള്‍ ചെയ്യാതെ തന്നെ ആള്‍ക്കാരെ ഇനി ദല്‍ഹി പോലീസിനു കരുതല്‍ തടങ്കലില്‍ വയ്‌ക്കാം. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് ഉത്തരവിറങ്ങിയത്.
നാളെ മുതല്‍ ഏപ്രില്‍ 18 വരെയാണ് ദല്‍ഹി പോലീസ് കമ്മിഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കിയിക്കുന്നത്. ദല്‍ഹി തെരഞ്ഞെടുപ്പ്, പാര്‍ലമെന്റ് സമ്മേളനം എന്നിവ കൂടി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. നിയമപ്രകാരം കസ്റ്റഡിയില്‍ എടുക്കുന്നവരെ 12 മാസം വരെ പോലീസിനു കരുതല്‍ തടങ്കലില്‍ വയ്‌ക്കാന്‍ സാധിക്കും. ജാമ്യം ലഭിക്കില്ല. മാത്രമല്ല, പത്തു ദിവസം എന്തിനാണ് അറസ്റ്റ് എന്നു പോലും കസ്റ്റഡിയില്‍ എടുത്തയാളെ അറിയിക്കേണ്ടതില്ല. ഉത്തരവ് ലഭിച്ചതിനു പിന്നാലെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് പൊതുറോഡില്‍ പ്രതിഷേധം നടത്തുന്ന ശഹീന്‍ ബാഗിലെ 13 എ റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കണെന്ന് ദല്‍ഹി പോലീസ് ഉത്തരവിട്ടു.
















