കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയരുന്ന വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ആരുടേതാണീ ഇന്ത്യ? പൗരത്വ ഭേദഗതിയുടെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പൗരത്വ നിയമ ഭേദഗതിയുടെ വസ്തുതകള്‍ അവതരിപ്പിച്ചപ്പോള്‍ ഇരുമുന്നണികള്‍ക്കും ഉത്തരംമുട്ടി.
ആരുടെയും പൗരത്വം നിഷേധിക്കാനുള്ളതല്ല കൊടുക്കാനുള്ളതാണ് സിഎഎയെന്ന് രമേശ് വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബാധകമല്ല ഈ നിയമം. 1955ലെ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടില്ല. നിലവിലുള്ള രീതിയില്‍ തന്നെ വിദേശികള്‍ക്ക് പൗരത്വം ലഭിക്കും. എന്നാല്‍ മതപീഡനം അനുഭവിക്കുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് സിഎഎ. സിപിഎമ്മിന്റെ കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ടതുമായ വസ്തുതകള്‍ നിരത്തിയായിരുന്നു രമേശ് സംസാരിച്ചത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും പറഞ്ഞ കാര്യം തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയതെന്നും എം.ടി. രമേശ് പറഞ്ഞു.
സിപിഎം നേതാവ് മുഹമ്മദ് റിയാസ്, കോണ്‍ഗ്രസ് നേതാവ് അഡ്വ. പി.എം. സുരേഷ് ബാബു, അഡ്വ. എം.എസ്. സജി എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ മോഡറേറ്ററായിരുന്നു.
















