ബെംഗളൂരു: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 2.35നാണ് ജിസാറ്റ് 30നെ വഹിച്ച് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍-അഞ്ച് റോക്കറ്റ് കുതിച്ചുയര്‍ന്നത്. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമാണിത്.
ജിസാറ്റ് 30നൊപ്പം ഫ്രാന്‍സിന്റെ യൂട്ടെല്‍സാറ്റ് കണക്ട് ഉപഗ്രഹത്തെയും ഏരിയന്‍ ഭ്രമണപഥത്തിലെത്തിച്ചു. 38 മിനിറ്റ് 25 സെക്കന്‍ഡിന് ശേഷം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട ജിസാറ്റ് 30, ജിയോസിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ എത്തിച്ചേര്‍ന്നു. 3357 കിലോഗ്രാമാണ് ജിസാറ്റ് 30ന്റെ ഭാരം. ഇന്‍സാറ്റ്-നാല് എക്ക് പകരം കൂടുതല്‍ കാര്യക്ഷമതയുള്ള സേവനം ലഭ്യമാക്കാന്‍ ജിസാറ്റ് 30ന് സാധിക്കും.
കെയു-ബാന്‍ഡ് വഴി ഇന്ത്യ മുഴുവനും, സി-ബാന്‍ഡ് വഴി ഗള്‍ഫ് രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും ടെലിക്കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജിസാറ്റ് 30ന് സാധിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ഡിടിഎച്ച്, എടിഎം, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ഡിഎസ്എന്‍ജി സാങ്കേതിക വിദ്യകള്‍ക്കും ഗ്രാമീണ മേഖലകളിലെ സേവനങ്ങള്‍ക്കും ജിസാറ്റ് 30 ഏറെ പ്രയോജനകരമാകും.
















