ന്യൂദല്‍ഹി: ആകാശ ആക്രമണ പ്രതിരോധ സംവിധാനം റഷ്യ 2025ല്‍ ഇന്ത്യക്കു കൈമാറും. എസ്-400 വിഭാഗത്തില്‍പ്പെട്ട അഞ്ചു പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യക്കു കൈമാറുമെന്ന് റഷ്യയുടെ ഇന്ത്യയിലെ ഡെപ്യൂട്ടി അംബാസഡര്‍ റൊമാന്‍ ബാബുഷ്‌കിന്‍ പറഞ്ഞു.
പ്രതിരോധ രംഗത്തെ സഹകരണം ഉറപ്പാക്കുന്നതില്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ആകാശത്തു നിന്നുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും സുസജ്ജമായ സംവിധാനമാണ് റഷ്യയുടേത്. എസ്-400 ഇനത്തില്‍പ്പെട്ട അഞ്ച് പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യക്ക് കൈമാറുക, റൊമാന്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ്, 2018 ഒക്‌ടോബര്‍ അഞ്ചിന് ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലാണ് എസ്-400 പ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റത്തില്‍ അന്തിമ ധാരണയായത്.
















