കോട്ടയം: കോട്ടയം നഗരത്തിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകളില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാരെ സിഐടിയുക്കാര്‍ ആക്രമിച്ചു. ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയെറിഞ്ഞു. ബേക്കര്‍ ജങ്ഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്, ഇല്ലിക്കല്‍ എന്നിവിടങ്ങളിലെ ശാഖകള്‍ തുറക്കുന്നതിനെതിരെയായിരുന്നു അക്രമം.
പോലീസ് നോക്കി നില്‍ക്കേയാണ് സിഐടിയുക്കാര്‍ അഴിഞ്ഞാടിയത്. ഇതുമായി ബന്ധപ്പെട്ട് ഒന്‍പത് വനിതാ ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി. ഒരു വിഭാഗം ജീവനക്കാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണയിലാണ് മുത്തൂറ്റ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. ബേക്കര്‍ ജങ്ഷനിലെ ഓഫീസില്‍ ജോലിക്കെത്തിയ രണ്ടു വനിതാ ജീവനക്കാര്ക്കുനേരേയാണ് സമരക്കാര്‍ ആദ്യം ചീമുട്ട എറിഞ്ഞത്. ഇതിലൊന്ന് പതിച്ചത് സീനിയര്‍ മാനേജരുടെ ദേഹത്താണ്. ചീമുട്ട വീണതോടെ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
ബാങ്കിന്റെ ഷട്ടറിനുള്ളില്‍ കല്ലും കുപ്പിയും ആണിയും പട്ടിക കഷണങ്ങളും വച്ചിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ തലയില്‍ വീഴാന്‍ പാകത്തിലാണ് ഇവ വച്ചിരുന്നത്. എല്ലാദിവസവും പൂട്ടിനുള്ളില്‍ പശയൊഴിച്ചും ആണിയടിച്ചും നശിപ്പിക്കുന്നതിനാല്‍ പൂട്ട് തകര്‍ത്താണ് ഓഫീസ് തുറക്കുന്നത്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് നേരെ ഭീഷണിയും സിഐടിയുക്കാര്‍ മുഴക്കുന്നുണ്ട്.
മുത്തൂറ്റിനെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി ഒരുവിഭാഗം ജീവനക്കാര്‍ പ്രതിഷേധവുമായി വിവിധ ഓഫീസുകള്‍ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ വലിയൊരു വിഭാഗം ജീവനക്കാര്‍ സമരത്തെ അനുകൂലിക്കാതെ കൃത്യമായി ജോലിക്ക് കയറിയിരുന്നു. ഇതില്‍ അസ്വസ്ഥത പൂണ്ടാണ് സിഐടിയുക്കാര്‍ അക്രമം അഴിച്ചുവിട്ടത്. വനിതകളാണെന്ന പരിഗണന പോലും നല്‍കാതെ ജീവനക്കാരെ ആക്രമിച്ചതില്‍ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: