ന്യൂദല്‍ഹി: ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും ശക്തമായ താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം
കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിന്മേല് രാജ്ഭവന് സര്‍ക്കാരിനോട് വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ദല്‍ഹിയില്‍ വ്യക്തമാക്കി. റൂള്‍സ് ഓഫ് ബിസിനസിലെ 34(2)ലെ അഞ്ചാം വകുപ്പ് വായിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തത്. കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന് റൂള്‍സ് ഓഫ് ബിസിനസ് വ്യക്തമാക്കുന്നു. ഈ നാട്ടില്‍ ഒരു നിയമമുണ്ട്, ആരും അതിന് അതീതരല്ല. കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമെന്ന ചട്ടം പാലിക്കാതെയാണ് സംസ്ഥാനം സിഎഎയ്ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്, ഗവര്‍ണര്‍ പറഞ്ഞു.
കേന്ദ്ര നിയമത്തിനെതിരെ കോടതിയില്‍ പോകും മുമ്പ് തന്നെ അറിയിച്ചിരിക്കണം. ചട്ടപ്രകാരം ഇതു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. ചട്ടം മറികടന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്കാവില്ല. റൂള്‍സ് ഓഫ് ബിസിനസ് പാലിക്കാത്തതിന് വിശദീകരണം കേരള സര്‍ക്കാര്‍ നല്‍കണം. അതല്ലാതെ തന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. ഭരണത്തലവനായ തന്നെ അറിയിക്കാതെ കേസുമായി മുന്നോട്ടുപോയത് പ്രോട്ടോക്കോള്‍ ലംഘനമാണ്. മുഖ്യമന്ത്രി നേരിട്ടോ മറ്റു മന്ത്രിമാര്‍ വഴിയോ അറിയിക്കേണ്ടിയിരുന്നു.
ഗവര്‍ണറുടെ ചുമതല എന്തെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ചാണ് പ്രവര്‍ത്തനം. നിയമപ്രകാരം മാത്രമേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ. സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഭരണഘടനാനുസൃതമായിരിക്കണം. അതു പരിശോധിക്കലാണ് ഗവര്‍ണറെന്ന നിലയിലുള്ള കര്‍ത്തവ്യം. ഭരണഘടനയില്‍ ഉറച്ചുനിന്നുമാത്രമേ പ്രവര്‍ത്തിക്കൂ.
ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനാവില്ല. ഗവര്‍ണര്‍ക്ക് കൃത്യമായ അധികാരങ്ങളുണ്ട്. ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതേക്കുറിച്ച് കോടതി വിധികളുമുണ്ട്. കൊളോണിയല്‍ വാഴ്ചയല്ല ഇന്നുള്ളതെന്ന് മനസ്സിലാക്കണം. എല്ലാവരും നിയമത്തിനും ഭരണഘടനയ്ക്കും താഴെയാണ്. രാജ്യത്തെ നിയമമാണ് ഏറ്റവും മുകളില്‍, ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ചില സംശയങ്ങള്‍ രാജ്ഭവന് സര്‍ക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. അതു തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. അതിനാലാണ് ഓര്‍ഡിനന്‍സ് വിഷയത്തിലെ തീരുമാനം വൈകുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: