ന്യൂദല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജനുവരി 20ന് ദല്‍ഹിയില്‍. കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വരണാധികാരി നാമനിര്‍ദേശ പത്രിക സ്വീകരിക്കും. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര കൃഷി മന്ത്രിയുമായ രാധാ മോഹന്‍സിങ്ങാണ് തെരഞ്ഞെടുപ്പിന്റെ വരണാധികാരി. മറ്റു സ്ഥാനാര്‍ഥികളില്ലെങ്കില്‍ വൈകിട്ടോടെ പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനമുണ്ടാവും. നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നദ്ദയാണ് പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടാന്‍ കൂടുതല്‍ സാധ്യത. വൈകിട്ട് മൂന്നുമണിക്ക് നിലവിലെ ദേശീയ പ്രസിഡന്റ് അമിത് ഷാ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ അധ്യക്ഷന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.
നിലവില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് 59കാരനായ ജെ.പി. നദ്ദ. 2014-19ല്‍ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന അദ്ദേഹം, ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമാണ്. കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹത്തെ ബിജെപിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത്. ദേശീയ അധ്യക്ഷനായ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി പദത്തിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് വര്‍ക്കിങ് പ്രസിഡന്റായി നദ്ദയെ തെരഞ്ഞെടുത്തത്.
















