കൊച്ചി: മരടിലെ വിവാദ ഫഌറ്റുകള്‍ പൊളിച്ച് ആഴ്ച ഒന്നു കഴിഞ്ഞിട്ടും പരിസരവാസികള്‍ക്ക് സ്വന്തം വീടുകളില്‍ പ്രവേശിക്കാനായിട്ടില്ല. പൊടിപടലം മൂലം വീടുകളില്‍ തിരികെ എത്തി താമസിക്കാനാവാതെ നാട്ടുകാര്‍ വിഷമിക്കുകയാണ്. അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കിത്തീരാതെ വീടുകള്‍ വൃത്തിയാക്കിയിട്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍. ഇപ്പോഴും പൂര്‍ണമായും അടങ്ങാത്ത പൊടിപടലവും മരങ്ങളിലും കെട്ടിടങ്ങള്‍ക്കും മുകളിലെ പൊടിയും നീക്കുക സാധാരണ മട്ടില്‍ എളുപ്പമല്ലെന്ന് തെളിഞ്ഞു. ഇനി കൃ്രതിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നാണ് കാത്തിരിക്കുന്നത്.
വേനല്‍ കനത്തപ്പോള്‍ മഴയില്ലെങ്കില്‍ കൃത്രിമ മഴ പെയ്യിക്കുമെന്ന് 2017 മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, കുടിവെള്ളത്തിനോ കൃഷിയാവശ്യത്തിനോ അല്ലാത്തതിനാല്‍ ശുദ്ധജലം വേണ്ടെന്നിരിക്കെ ഹെലികോപ്റ്ററില്‍ വെള്ളം തളിക്കുന്ന പ്രവര്‍ത്തനമെങ്കിലും നടത്തിയാലേ പൊടിക്ക് ശമനമുണ്ടാകൂ എന്നതാണ് സ്ഥിതി. കെട്ടിടം പൊളിക്കും മുമ്പ് ഒട്ടേറെ വാഗ്ദാനം നല്കിയ സര്‍ക്കാര്‍ ഇതിന് തയാറാകുമോ എന്നാണ് കാണാനുള്ളത്. ഫയര്‍ എഞ്ചിനുകളില്‍ വെള്ളം എത്തിച്ച് തളിച്ച് പൊടി അടക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, ചിലയിടങ്ങളില്‍ ഫയര്‍ എഞ്ചിന് കടക്കുന്നില്ല. അതിനാല്‍ ആ പദ്ധതി പൂര്‍ണമായി വിജയിച്ചിട്ടില്ല.
പക്ഷേ, പ്രദേശവാസികള്‍ക്ക് പ്രതീക്ഷയൊന്നുമില്ല. കെട്ടിടം പൊളിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ ഉറപ്പുകള്‍ നല്കി. പക്ഷേ, അതൊന്നും പാലിക്കാനായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ വീടുകളിലേക്ക് മടങ്ങാമെന്നും താമസയോഗ്യമായിരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. പൊളിക്കല്‍ നടന്ന ദിവസം വീടുകളില്‍ ഓട്ടപ്രദക്ഷിണം നടത്തിയതല്ലാതെ നഗരസഭാ ഉദ്യോഗസ്ഥരോ സമീപത്തെ വീടുകള്‍ സന്ദര്‍ശിച്ച് സൂക്ഷ്മ പരിശോധന ഇനിയും നടത്തിയിട്ടില്ല.
പൊളിക്കല്‍ മേല്‍നോട്ടച്ചുമതലയുള്ള മട്ടാഞ്ചേരി സബ്കളക്ടര്‍ മരടിലേക്ക് ഇപ്പോള്‍ വരാറില്ല. നഗരസഭാ സെക്രട്ടറിക്ക് പിറവം നഗരസഭയുടെ ചുമതലയുമുണ്ട്. മൂന്നു മാസമായി മറ്റു ഫയലുകള്‍ നഗരസഭാ ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. അവ തീര്‍പ്പാക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. സമീപത്തെ വീടുകള്‍ക്ക് ആശങ്കപ്പെട്ട കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ പൊളിക്കും മുമ്പ് സമരവും പ്രക്ഷോഭവും നടത്താന്‍ മുന്നില്‍ നിന്നവര്‍ ഇപ്പോഴില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നു. വീടുമാറി വാടകക്കെട്ടിടത്തില്‍ താമസമാക്കിയവരില്‍ വാഗ്ദാനം ചെയ്ത വാടക കിട്ടാത്തവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: