തിരുവനന്തപുരം: പഴുതടച്ച ആകാശ സുരക്ഷ ഒരുക്കാന്‍ ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായ സുഖോയ് 30 ഇനി തെക്കേ ഇന്ത്യയിലും. ദക്ഷിണേന്ത്യയിലെ ആദ്യ യുദ്ധവിമാനത്താവളമായ തഞ്ചാവൂരിലെ വ്യോമസേനാ താവളത്തില്‍ 20ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സുഖോയ് വിമാനങ്ങളെ വ്യോമസേനയ്ക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വ്യോമസേനാ ദൗത്യങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കുന്നതാണ് സുഖോയ്യുടെ വരവ്. പ്രശ്നരഹിത പ്രദേശമെന്നാണ് ദക്ഷിണേന്ത്യ അറിയപ്പെടുന്നതെങ്കിലും മേഖലയ്ക്ക് പ്രാധാന്യം കൂടുന്നത് കണക്കിലെടുത്താണ് സുഖോയ് വിമാനങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് എയര്‍മാര്‍ഷല്‍ അമിത് തിവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫൈറ്റര്‍ ശ്രേണിയിലെ വിമാനത്തിന്റെ വരവോടെ വ്യോമസേനയുടെ പ്രവര്‍ത്തന മികവ് ഉയരും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രഹ്മോസ് മിസൈലുകള്‍ക്കൊപ്പം കരുത്തുപകരുകയാണ് സുഖോയ് 30ന്റെ ചുമതല.
ആവശ്യമെങ്കില്‍ തിരുവനന്തപുരത്തെ വ്യോമസേനാ കേന്ദ്രത്തിലും സുഖോയ് ഉള്‍പ്പെടുത്തും. തലസ്ഥാനത്തെ വ്യോമസേനാതാവളം വിപുലീകരിക്കാനുള്ള ആലോചനകള്‍ തുടരുകയാണ്. സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ദക്ഷിണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വ്യോമസേനയുടെ നേതൃത്വത്തില്‍ ഒരു കരവ്യോമ ഫയറിങ് റേഞ്ച്, തഞ്ചാവൂര്‍ കടലിന് മുകളിലൂടെ യുദ്ധവിമാനങ്ങളുടെ പരിശീലനപ്പറക്കല്‍ എന്നിവയും ആലോചിക്കുന്നുണ്ട്. തഞ്ചാവൂര്‍ വ്യോമസേനാ സ്റ്റേഷന് കമാന്‍ഡര്‍ പ്രജുല്‍ സിങ്, സുഖോയ് കമാന്‍ഡിങ് ഓഫീസര്‍ മനോജ് ഗേര, പ്രതിരോധ വക്താവ് ധന്യ സനല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: