മഹാബലിയെ സംബന്ധിച്ചേടത്തോളം തന്റെ മുന്നില്‍ ഭിക്ഷാംദേഹിയായി വന്നിരിക്കുന്ന വടുരൂപിക്ക് സര്‍വസ്വം സമര്‍പ്പിക്കുന്നത് ഏറെ സന്തോഷകരമാണ്.
ഈ വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണെന്ന് ഗുരു ശുക്രാചാര്യര്‍ പറഞ്ഞത് വലിയ കാര്യമാണ്. ശുക്രാചാര്യര്‍ ഇവിടെ ഉത്തമഗുരുവായിരിക്കുന്നു. ശിഷ്യന് വിഷ്ണുദര്‍ശനം നല്കുന്നവന് യഥാര്‍ഥ ഗുരുവാണ്. വിഷ്ണുവിനെ കാണിച്ചു കൊടുക്കാന്‍ തയാറാകാത്ത ഗുരു ഒരിക്കലും ഗുരുവല്ല, ശത്രുവാണ് എന്നാണ് ദേവീഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെ ഉത്തമഗുരുവിനെയും ലഭിച്ചു എന്നതില്‍ മഹാബലി സന്തുഷടനാണ്. ഈ ഗുരു, ശിഷ്യന് വിഷ്ണുവിനെ കാട്ടിക്കൊടുത്തിരിക്കുന്നു.
വിഷ്ണു ഭിക്ഷാംദേഹിയായി വന്ന് എന്നെ ബന്ധനസ്ഥനാക്കിയാലും ഞാന്‍ സന്തുഷ്ടനാണ്. വിഷ്ണു തീര്‍ച്ചയായും എന്റെ സത്കീര്‍ത്തി വര്‍ധിപ്പിക്കും. അതോടെ ഞാന്‍ യശസ്വിയും ശ്രേയസ്സിയുമാകും.
എല്ലാ എതിര്‍പ്പുകളേയും അവഗണിച്ചു കൊണ്ട് മഹാദാനത്തിന് ഒരുങ്ങി നില്ക്കുന്ന മഹാബലിക്ക് പ്രേരണാശക്തിയായി ഭാര്യ വിന്ധ്യാവലിയും മുന്നിലേക്ക് വന്നു. ദാനകര്‍മങ്ങളുടെ പൂര്‍ത്തീകരണത്തിനായി വിന്ധ്യാവലി ജലപാത്രവുമായെത്തി. മഹാബലി തന്നെ ആ ജലം ഏറ്റുവാങ്ങി ഭഗവാന് വാമനമൂര്‍ത്തിയെ (വടുവിനെ) പാദങ്ങള്‍ കഴുകി സ്വീകരിച്ചു. ആ പാദം കഴുകിയ ജലത്തെ പുണ്യതീര്‍ഥമായി കരുതി ശിരസിലും മറ്റും ധരിച്ചു.
ദാനം സ്വീരിച്ചുകൊണ്ട് വാമനമൂര്‍ത്തി ത്രിലോകങ്ങളിലും നിറഞ്ഞു നില്ക്കുന്നവനായി വളര്‍ന്നു.
‘തദ് വാമനം രൂപമ-
വര്‍ധതാത്ഭുതം
ഹരേരനന്തസ്യ
ഗുണത്രയാത്മകം’
സത്വ, രജ, തമോ ഗുണങ്ങളെയും അതിജീവിച്ച് നിര്‍ഗുണനായി, പരബ്രഹ്മമായി വാമനന് നിറഞ്ഞു നിന്നു.
‘കായേ ബലിസ്തസ്യ
മഹാവിഭൂതേഃ
സഹര്‍ത്വിഗാചാര്യ
സദസ്യ ഏതത്
ദദര്‍ശ വിശ്വം
ത്രിഗുണം ഗുണാത്മകേ
ഭൂതേന്ദ്രിയാര്‍ഥാശയ
ജീവയുക്തം’
വിശ്വം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ആ ചൈതന്യത്തെ ദര്‍ശിക്കാന്‍ മഹാബലിക്ക് ഭാഗ്യമുണ്ടായി.
മണ്ണും വിണ്ണുമെല്ലാം ആ ഭഗവത് ചൈതന്യം തന്നെയെന്ന് മഹാബലി തിരിച്ചറിഞ്ഞു. സര്‍വത്തിലും വിളങ്ങി നിന്ന് അവയെല്ലാം പ്രകാശിപ്പിച്ചു നില്ക്കുന്ന ആ മഹാചൈതന്യത്തെ കണ്ട് മഹാബലിയും മഹാഋത്വിക്കുകളും ആചാര്യന്മാരും എല്ലാം അത്ഭുതപ്പെട്ടു.
താന്‍ തന്റേതെന്നു കരുതിയിരുന്നതെല്ലാം ഭഗവാന് തന്നെയെന്ന കാര്യം പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ മഹാബലിക്ക് സാധിച്ചു. വാസ്തവത്തില്‍ തന്റേതായി ഒന്നും തന്നെ ബാക്കിയില്ലെന്നും മഹാബലി മനസ്സിലാക്കി. എന്നിട്ടും ഞാന്‍ എന്ന അഹന്ത ബാക്കി നില്ക്കുന്നുണ്ടല്ലോ എന്ന ഭാരം മഹാബലിക്ക് അനുഭവപ്പെട്ടു. എന്റേതു മാത്രമല്ല, ഞാനും ആ ഭഗവാന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് സമര്പിക്കാന്, തന്നെത്തന്നെ സമര്പിക്കാന് നിശ്ചയിച്ച് മഹാബലി വാമനമൂര്‍ത്തിയുടെ മുന്നില്‍ തൊഴുകൈയുമായി കുനിഞ്ഞിരുന്നു.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: