തിരുവനന്തപുരം: നിരോധിത തീവ്രവാദ സംഘടനയായ അല്‍-ഉമ്മക്ക് കേരളത്തില്‍ ശക്തമായ അടിവേരുകള്‍ ഉള്ളതായി സംസ്ഥാന ഇന്റലിജന്‍സ്. കേരളത്തിലെ ഏഴോളം ജില്ലകളില്‍ ശക്തമായ സംഘടനാ സംവിധാനം ഉള്ളതായും ഈ സ്ഥലങ്ങളില്‍ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതായും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. പോലീസോ പുറമേയുള്ളവരോ കടക്കാന്‍ ഭയക്കുന്ന പോക്കറ്റുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള തീവ്രവാദികള്‍ രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് ഒളിച്ചുതാമസിച്ചത് തിരുവനന്തപുരത്തുള്ള രഹസ്യ കേന്ദ്രത്തിലായിരുന്നു. എന്നാല്‍, സിറ്റിപോലീസ് അവിടേക്ക് കടന്നുചെല്ലനായി വിമുഖത കാണിച്ചതിന് തമിഴ്നാട് ക്യൂബ്രാഞ്ച് തീവ്രവാദിയെ പിടിക്കുന്ന ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.
നാട്ടില്‍ പ്രവാസികളായോ, ചെറുകിട കച്ചവടക്കാരോ, റിയല്‍ എസ്റ്റേറ്റുകാരോ ആയി അറിയപ്പെടുന്ന അല്‍-ഉമ്മ തീവ്രവാദികള്‍ അടുത്ത ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ അറിയാത്തവിധം അങ്ങേയറ്റം രഹസ്യമായാണ് പരിശീലന കേന്ദങ്ങളില്‍ എത്തുക. കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വധിച്ചകേസിലെ പ്രതികളായ ഷെമീമിനെയും തൗഫീക്കിനെയും ഒളിവില്‍ താമസിപ്പിച്ച വിതുര സ്വദേശി സെയ്ദലിയെ നാട്ടില്‍ അറിയപ്പെട്ടിരുന്നത് പ്രവാസിയായാണ്.
കുറ്റംകൃത്യം ചെയ്തശേഷം ഒളിത്താവളങ്ങളില്‍ എത്തുന്ന ഇവര്‍ തങ്ങളുടെ പങ്ക് അന്വേഷണങ്ങളില്‍ തെളിയുന്നില്ലായെന്ന് ഉറപ്പുവരുത്തിയ ശേഷമേ താവളങ്ങളില്‍ നിന്നും പുറത്തിറങ്ങാറുള്ളു. ഒളിവില്‍ താമസിക്കുന്ന സമയം ഇവരെ സഹായിക്കുന്നത് ഹവാലാ ഇടപാടുകാരും,കള്ളക്കടത്തുകാരുമാണന്നാണ് പോലീസ് നിഗമനം. ഇത്തരത്തില്‍ മുമ്പുനടന്ന കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത തീവ്രവാദികളെ സഹായിച്ചവരെക്കുറിച്ച് അന്വേഷണത്തിലാണെന്ന് ഇന്റലിജന്‍സ് പറയുന്നു. കേരളത്തില്‍ ഇത്തരത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന നൂറുപേരെങ്കിലും അല്‍-ഉമ്മക്കുണ്ടെന്നാണ് ഇന്റലിജന്‍സ് കണക്കുകൂട്ടല്‍.
തമിഴ്നാട്ടിലെ കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ അല്‍ ഉമ്മ തീവ്രവാദികളായ ഷെമീമും തൗഫീക്കും കൃത്യം ചെയ്യുന്നതിന് മുമ്പും ശേഷവും കേരളത്തില്‍ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അത് ഇത്തരമുള്ള മുസ്ലീം വിഭാങ്ങളുടെ പോക്കറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഒളിസംഗേതങ്ങളിലായിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് നിഗമനം. കുടകിലും ഉഡുപ്പിയിലും ഇവര്‍ ഒളിവില്‍പോയത് അല്‍-ഉമ്മയുടെ കര്‍ണാടകയിലെ സജീവസാന്നിധ്യം വ്യക്തമാക്കുന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ അല്‍-ഉമ്മക്ക് നിരവധി സജീവ പ്രവര്‍ത്തകര്‍ ഉള്ളതായുമാണ് ഇന്റലിജന്‍സ് നിരീക്ഷണം.
















