മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചുവെന്ന് ആരോപിച്ച് മുംബൈ സര്‍വ്വകലാശാല അധ്യാപകനോട് അധികൃതര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. അക്കാദമി ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് ഡയറക്ടര്‍ യോഗേഷ് സോമനോടാണ് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വീര്‍ സവര്‍ക്കറുമായി ബന്ധപ്പെട്ട രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ യോഗേഷ് ഫേസ്ബുക്കിലൂടെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് അധ്യാപകനോട് നിര്‍ബന്ധിതമായി അവധിയില്‍ പ്രവേശിക്കാന്‍ അറിയിച്ചത്. കൂടാതെ ഇയാള്‍ക്കെതിരെ പ്രത്യേകം അന്വേഷണം നടത്താനും സര്‍വ്വകലാശാല ഉത്തരവിറക്കിയിട്ടുണ്ട്.
രാഹുലിനെതിരെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എന്‍എസ്‌യുഐ, എഐഎസ്എഫ്, ഛത്ര ഭാരതി എന്നീ സംഘടനകള്‍ യോഗേഷിനെതിരെ ക്യാമ്പസ്സില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യോഗേഷിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അജയ് ദേശ്മുഖ് വിദ്യാര്‍ത്ഥികളെ അറിയിക്കുകയും ഇത് നടപ്പിലാക്കുകയുമായിരുന്നു. വിഷത്തില്‍ യോഗേഷിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
ദല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സവര്‍ക്കറിനെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തിയെന്ന് ആരോപിച്ചാണ് യോഗേഷിനെതിര നടപടി സ്വീകരിച്ചിരിക്കുന്നത്.
















