കോട്ടയം: മരടില്‍ അനധികൃതമായി നിര്‍മിച്ച ഫഌറ്റുകള്‍ പൊളിച്ച്നീക്കിയപ്പോള്‍ സംസ്ഥാനത്തെ നിര്‍മാണമേഖലയും കുലുങ്ങി. കുറച്ചുനാളുകളായി നിര്‍മാണമേഖലയെ പിടിച്ച്കുലുക്കിയ വിവാദങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നത് മുതല്‍ നിക്ഷേപത്തിന് കമ്പനികള്‍ മടിക്കുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ അഴിമതിയും ചുവപ്പുനാടയും മൂലം നിര്‍മാണ മേഖലയില്‍ കേരളത്തില്‍ നിക്ഷേപം കുറയാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മാണത്തിലുള്ള നൂറുകണക്കിന് പാര്‍പ്പിട സമുച്ചയങ്ങളുടെ വില്‍പ്പനയെ വിവാദങ്ങള്‍ ബാധിച്ചു. അനധികൃതമായി 26,000 കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുതല്‍ മുടക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറുകയാണ്.
വിവാദങ്ങള്‍ മൂലം 30 മുതല്‍ 35 ശതമാനം വരെ കെട്ടിടങ്ങളുടെ വില്പനയില് ഇടിവുണ്ടായേക്കുമെന്നാണ് ബില്‍ഡേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍. പല വന്‍കിട ഫഌറ്റുകളും അനുമതി സമ്പാദിച്ചത് വളഞ്ഞ വഴിയിലൂടെയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഌറ്റുകള്‍ വാങ്ങാന്‍ മുതല്‍ മുടക്കിയവര്‍ പലരും പുനര്‍ചിന്തനത്തിന്റെ പാതയിലാണ്. മരടിലെ അനുഭവമുണ്ടാകാതിരിക്കാന്‍ കൊടുത്ത അഡ്വാന്‍സ് തിരിച്ച് ചോദിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ബില്‍ഡര്‍മാരുടെ സംഘടന പറയുന്നു.
കൂടാതെ കെട്ടിട നിര്‍മാണച്ചട്ടങ്ങളിലെ ഭേദഗതിയും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ആഘാതമായി. 8,000 മുതല്‍ 18,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് പഴയ ചട്ടം അനുസരിച്ച് ആറ് മീറ്റര്‍ റോഡ് മതിയായിരുന്നു. എന്നാല്‍, പുതിയ വിജ്ഞാപനമനുസരിച്ച് ഏഴ് മീറ്റര്‍ ഫ്രണ്ടേജ് ഉണ്ടെങ്കില്‍ മാത്രമേ 8,000 മുതല്‍ 24,000 വരെ ചതുരശ്രമീറ്റര്‍നിര്‍മാണം സാധ്യമാകൂ. നിര്‍മാണ മേഖലയില്‍ ചെലവിലുണ്ടാകുന്ന ഈ വര്‍ധന പാര്‍പ്പിട സമുച്ചയങ്ങള്‍ വാങ്ങുന്നവരാണ് വഹിക്കേണ്ടത്.
സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ 20,000 കോടിയുടെ പാക്കേജ് സപ്തംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഭവന നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. സംസ്ഥാനത്ത് പ്രളയ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പാക്കേജിനെ സംസ്ഥാനത്തിന് നന്നായി പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ, കരാര്‍, ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഇത്തരം അനുകൂല സാഹചര്യങ്ങള്‍ക്ക് വിഘാതമാണെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ മേഖലയ്ക്ക് ഉണ്ടാകുന്ന തിരിച്ചടി തൊഴില്‍ മേഖലയിലും നഷ്ടമുണ്ടാക്കും. ഈ മേഖലയില്‍ ആയിരങ്ങളാണ് പണിയെടുക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളില്‍ ഏറിയ പങ്കും നിര്‍മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: