ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് നായാട്ടു വിളിക്കാനെത്തിയ സംഘത്തെ പോലീസ് മര്‍ദിച്ചു. നായാട്ടുവിളി തടഞ്ഞു. ഇന്നലെ രാവിലെ 8.30നാണ് സംഭവം.
ശബരിമല ക്ഷേത്രത്തോളം പഴക്കമുള്ള നായാട്ടു വിളിയെന്ന ആചാരം നടത്താനെത്തിയ ആറംഗ സംഘത്തിനാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിനിടെ ഇരുമുടിക്കെട്ടടക്കം നിലത്തു വീണു. പടി കയറി കൊടിമരച്ചുവട്ടില്‍ എത്തിയ സംഘാംഗങ്ങള്‍ ദേവസ്വം ബോര്‍ഡ് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥരെ കാട്ടിയിട്ടും വകവയ്യ്ക്കാതെ മര്‍ദ്ദനം തുടര്‍ന്നു.
പതിനെട്ടാംപടിയില്‍ തിരക്കൊഴിഞ്ഞ സമയത്താണ് നായാട്ടു സംഘം പടി ചവിട്ടിയത്. മര്‍ദനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഘാംഗങ്ങളെയും മറ്റ് തീര്‍ത്ഥാടകരെയും പോലീസ് വിരട്ടിയോടിച്ചു. പി.കെ. പഴനിസ്വാമിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മര്‍ദിച്ചതെന്ന് കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനുംസന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ക്കുമടക്കം നായാട്ടു സംഘം പരാതി നല്കി. മകരവിളക്ക് ദിവസമായ ഇന്നു മുതല്‍ 19 വരെ നടക്കുന്ന ശബരിമല ഉത്സവ ആചാരത്തിന്റെ ഭാഗമായ നായാട്ടു വിളിക്കായി വന്ന റാന്നി പെരുനാട് പുന്നമൂട്ടില്‍ കുടുംബാംഗങ്ങളെയാണ് പോലീസ് അധിക്ഷേപിച്ചത്. ഇരുമുടിയേന്തി ആചാരപ്രകാരമെത്തിയ ആറംഗ സംഘം പതിനെട്ടാം പടി കയറവേ പടി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് മര്‍ദനത്തിന് തുടക്കം കുറിച്ചത്. ഇരുമുടിക്കെട്ടിലടക്കം പിടിച്ചു വലിച്ചതോടെ കെട്ട് നിലത്തു വീണു.
നൂറ്റാണ്ടുകളായി പതിനെട്ട് പടികളും തൊട്ടു തൊഴുത് കൊടിമരച്ചുവട്ടിലെത്തി കൊടിമരത്തെയും വണങ്ങിയ ശേഷം തിരുനടയിലെത്തി അയ്യപ്പനെ വണങ്ങിയശേഷമാണ് നായാട്ടു വിളിക്ക് തുടക്കം കുറിക്കുന്നത്. ഉത്സവശേഷം പന്തള രാജാവില്‍ നിന്ന് ദക്ഷിണയും വാങ്ങിയാണ് സംഘം മടങ്ങാറുള്ളത്. ഈ ആചാരത്തെയാണ് പോലീസുകാര്‍ അവഹേളിച്ചത്. പന്തളം രാജാവിന്റെ നേതൃത്വത്തില്‍ ശബരിമല ക്ഷേത്രം നിര്‍മിച്ച കാലത്ത് ക്ഷേത്ര നിര്‍മാണം സംബന്ധിച്ച കണക്കുകള്‍ നോക്കുന്നതിനായി പാണ്ടി ദേശത്തുനിന്നെത്തിച്ച പുന്നമൂട്ടില്‍ കണക്കപ്പിള്ളയുടെ പിന്തലമുറക്കാരാണ് നായാട്ടുവിളി സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: