തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐ വില്‍സണെ വെടിവച്ചുകൊന്ന കേസില്‍ പ്രതികള്‍ക്കായി പതിച്ച ലുക്ക്ഔട്ട് നോട്ടീസുകള്‍ വ്യാപകമായി കീറി. അതീവ സുരക്ഷയൊരുക്കിയ പ്രദേശത്ത് ഇവ വ്യാപകമായി നശിപ്പിക്കപ്പെട്ടത് ഭീകരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ ഇവിടെ ശക്തമാണെന്നതിന്റെ തെളിവായാണ് പോലീസ് കരുതുന്നത്.
ഭീകരരെ സഹായിച്ചതില്‍ പ്രദേശവാസികള്‍ക്കും പങ്കുണ്ടെന്ന സംശയം ഇതോടെ കൂടുതല്‍ ദൃഢമായി. അതീവ ജാഗ്രതയോടെയാണ് പോലീസ് വിഷയത്തെ കാണുന്നത്. പ്രതികള്‍ പിടിയിലാകും മുമ്പാണ് സംഭവമെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രധാന പ്രതികളായ തൗഫീക്, അബ്ദുള്‍ സമീം എന്നിവര്‍ പിടിയാലായതില് പ്രദേശവാസികള്‍ എപ്രകാരം പ്രതികരിക്കുമെന്നതും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കുഴിത്തറ മുതല്‍ പാറശാല വരെയുള്ള പ്രദേശത്തിന്റെ നിയന്ത്രണം തമിഴ്നാട് പോലീസിന്റെ നിരീക്ഷണ വലയത്തിലായി. തുടര്‍ന്ന് മഫ്തിയിലും മറ്റും ആയിരക്കണക്കിന് പോലീസുകാരെയാണ് തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലായി തമിഴ്നാട് പോലീസ് വിന്യസിച്ചത്. ഇരു ജില്ലകളിലും ഭീകരര്‍ക്ക് സ്വാധീനമുണ്ടെന്ന് കരുതുന്ന പ്രദേശങ്ങള്‍ തമിഴ്നാട് ക്യൂബ്രാഞ്ചിന്റെയും കേരള പോലീസിന്റെയും പ്രത്യേക നിരീക്ഷണത്തിലാണ്. എന്നിട്ടും ഇരു ജില്ലകളിലുമായി പതിപ്പിച്ച ഭീകരരുടെ ലുക്ക്ഔട്ട് നോട്ടീസ് വ്യാപകമായി നശിപ്പിച്ചത് പോലീസിനെ ഞെട്ടിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ തേടിയിറങ്ങിയ തമിഴ്നാട് ക്യുബ്രാഞ്ചിന് പ്രതികളുടെ സാന്നിധ്യം സംശയിക്കുന്ന ഇടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സഹകരണം ലഭിച്ചില്ല. സിസിടിവി ക്യാമറകളുണ്ടെങ്കിലും പ്രവര്‍ത്തിപ്പിച്ചില്ലെന്നും പ്രവര്ത്തനക്ഷമമല്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: