ഗുവാഹത്തി: മൂന്നാമത് ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസില്‍ ഇന്നലെ കേരളത്തിന് നാല് സ്വര്‍ണം. രണ്ട് വ്യക്തിഗത സ്വര്‍ണവും രണ്ട് റിലേ സ്വര്‍ണവുമാണ് ഇന്നലെ ട്രാക്കില്‍ നിന്ന് കേരളം സ്വന്തമാക്കിയത്. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ എം. ജിഷ്ണ, ഇതേ വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡോടെ അപര്‍ണ റോയ്, അണ്ടര്‍ 17 4-400 മീറ്റര്‍ റിലേ, അണ്ടര്‍ 21 4-400 മീറ്റര്‍ റിലേ എന്നിവയിലാണ് കേരളത്തിന് ഇന്നലെ പൊന്ന് ലഭിച്ചത്. രണ്ട് റിലേയിലും പുതിയ റെക്കോഡോടെയായിരുന്നു കേരളത്തിന്റെ നേട്ടം. ആണ്‍കുട്ടികളുടെ ഇതേ വിഭാഗം റിലേകളില്‍ വെള്ളിയും കേരളം സ്വന്തമാക്കി.
ട്രാക്കിലും ഫീല്‍ഡിലുമായുള്ള മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മെഡല്‍ പട്ടികയില്‍ കേരളം ഒന്നാമത്. 10 സ്വര്‍ണവും രണ്ട് വെള്ളിയും 6 വെങ്കലവുമടക്കം 18 മെഡലുകളാണ് കേരളത്തിനുള്ളത്. രണ്ടാമതുള്ള ഹരിയാനക്ക് 9 സ്വര്‍ണവും 10 വീതം വെള്ളിയും വെങ്കലവുമടക്കം 29ഉം മൂന്നാമതുള്ള തമിഴ്‌നാടിന് എട്ട് സ്വര്‍ണവും 16 വെള്ളിയും 7 വെങ്കലവുമടക്കം 31 മെഡലുകളുമാണുള്ളത്.
മെഡല്‍ നേട്ടത്തില്‍ കേരളം ഒന്നാമതാണെങ്കിലും ഓവറോള്‍ പോയിന്റ് നിലയില്‍ 201 പോയിന്റുമായി ഹരിയാന ഓവറോള്‍ ചാമ്പ്യന്മാരായി. 199 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനവും 193 പോയിന്റുമായി മഹാരാഷ്‌ട്ര മൂന്നാം സ്ഥാനവും നേടി. 165 പോയിന്റുമായി കേരളം നാലാമത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുമാണ് ഒന്നാം സ്ഥാനത്ത്. പെണ്‍കുട്ടികളില്‍ കേരളം രണ്ടാമത്.
ഹര്‍ഡില്‍സില്‍ കഴിഞ്ഞ വര്‍ഷം പൂനെയില്‍ താന്‍ തന്നെ സ്ഥാപിച്ച റെക്കോഡ് തിരുത്തിയാണ് അപര്‍ണ റോയ് സ്വര്‍ണം നേടിയത്. 13.91 സെക്കന്‍ഡില്‍ അപര്‍ണ ഇന്നലെ ഹര്‍ഡിലുകള്‍ക്കു മീതെ പറന്നെത്തിയപ്പോള്‍ പഴങ്കഥയായത് 14.25 സെക്കന്‍ഡിന്റെ റെക്കോഡ്. വെള്ളിയും വെങ്കലവും തമിഴ്‌നാടിന്. വെള്ളി നേടിയ പി.എം. തബിത 14.03 സെക്കന്‍ഡില്‍ ഓടിയെത്തി നിലവിലെ റെക്കോഡ് മറികടന്നു. 14.30 സെക്കന്‍ഡില്‍ ഓടിയെത്തിയ കെ. നന്ദിനിക്കാണ് വെങ്കലം. കഴിഞ്ഞയാഴ്ച സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയായ അപര്‍ണ റോയ്.
ഹൈജമ്പില്‍ 1.73 മീറ്റര്‍ ചാടിയാണ് എം. ജിഷ്ണ സ്വര്‍ണമണിഞ്ഞത്. കഴിഞ്ഞയാഴ്ച മൂഡബിദ്രിയില്‍ നടന്ന അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു ജിഷ്ണ. 1.64 മീറ്റര്‍ ചാടി തമിഴ്‌നാടിന്റെ കെവിന എ. അശ്വിനെ വെള്ളിയും ആന്ധ്രയുടെ ജിജി ജോര്‍ജ് സ്റ്റീഫന്‍ 1.60 മീറ്റര്‍ ചാടി വെങ്കലവും കരസ്ഥമാക്കി.
അണ്ടര്‍ 17 പെണ്‍. 4-400 മീറ്റര്‍ റിലേയില്‍ 3:52.07 മിനിറ്റില്‍ ഓടിയെത്തിയാണ് റെക്കോഡ് സ്വര്‍ണം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കേരളം തന്നെ സ്ഥാപിച്ച 3:54.68 മിനിറ്റിന്റെ റെക്കോഡാണ് ഇന്നലെ സാന്ദ്രമോള്‍ സാബു, പ്രതിഭ വര്‍ഗീസ്, സ്‌റ്റെഫി സാറാ കോശി, എല്‍ഗ തോമസ് എന്നിവരടങ്ങിയ ടീം പഴങ്കഥയാക്കിയത്. മഹാരാഷ്‌ട്ര വെള്ളിയും തമിഴ്‌നാട് വെങ്കലവും നേടി.
അണ്ടര്‍ 21 പെണ്‍. റിലേയില്‍ 3:48.98 മിനിറ്റില്‍ ഓടിയെത്തിയാണ് കേരളം റെക്കോഡ് സ്വര്‍ണം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം പൂനെയില്‍ മഹാരാഷ്‌ട്ര സ്ഥാപിച്ച 3:49.95 മിനിറ്റാണ് ഇന്നലെ കേരളം തിരുത്തിയത്. ഗൗരി നന്ദന, പ്രസ്‌കില്ല ഡാനിയേല്‍, കെ.എം. നിഭ, എ.എസ്. സാന്ദ്ര എന്നിവരാണ് കേരളത്തിനായി ബാറ്റണേന്തിയത്. തമിഴ്‌നാട് വെള്ളിയും മഹാരാഷ്‌ട്ര വെങ്കലവും നേടി.
അണ്ടര്‍ 17, 21 ആണ്‍കുട്ടികളുടെ റിലേയില്‍ തമിഴ്‌നാടും ഹരിയാനയും പുതിയ റെക്കോഡോടെ സ്വര്‍ണം നേടി. രണ്ട് വിഭാഗത്തിലും വെള്ളി കേരളത്തിനാണ്. അണ്ടര്‍ 17 വിഭാഗത്തില്‍ 3:24.65 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ആര്‍.കെ. വിശ്വജിത്ത്, മുഹമ്മദ് ഹനാന്‍, കെ. അഭിജിത്ത്, എസ്. അക്ഷയ് എന്നിവരടങ്ങിയ ടീം വെള്ളി നേടിയത്. 3:22.73 മിനിറ്റിലാണ് തമിഴ്‌നാട് ഫിനിഷ് ചെയ്തത്. ഇവരുടെ കുതിപ്പില്‍ തിരുത്തപ്പെട്ടത് കഴിഞ്ഞ വര്‍ഷം കേരളം സ്ഥാപിച്ച 3:24.45 മിനിറ്റിന്റെ റെക്കോഡ്. ഹരിയാന വെങ്കലം നേടി.
അണ്ടര്‍ 21 വിഭാഗത്തില്‍ 3:16.78 മിനിറ്റിലാണ് എ. രോഹിത്, പി.എം. നവനീത്, അഖില്‍ ബാബു, അനന്തു വിജയന്‍ എന്നിവരടങ്ങിയ ടീം കേരളത്തിന് വെള്ളി സമ്മാനിച്ചത്. മഹാരാഷ്‌ട്രക്കാണ് വെങ്കലം. ആദ്യ മൂന്ന് സ്ഥാനക്കാരും കഴിഞ്ഞ വര്‍ഷം കേരളം സ്ഥാപിച്ച 3:22.37 മിനിറ്റിന്റെ റെക്കോഡ് തിരുത്തി. 3:14.94 മിനിറ്റിലാണ് ഹരിയാന സ്വര്‍ണം നേടിയത്. വെങ്കലം നേടിയ മഹാരാഷ്‌ട്ര ഫിനിഷ് ചെയ്തത് 3:21.68 മിനിറ്റിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: