തലശ്ശേരി: ശബരീശ സന്നിധിയിലേക്ക് യാത്രചെയ്യുന്ന ഭക്തന്മാര്ക്ക് തലായ് ബാലഗോപാല ക്ഷേത്രത്തിന് മുന്നിലായി തലശ്ശേരി സേവാഭാരതി ഒരുക്കിയ ഇടത്താവളം (അയ്യപ്പ സേവാകേന്ദ്രം) സ്വാമിമാര്‍ക്ക് ആശ്വാസകേന്ദ്രമായി മാറി.
കഠിനവ്രതമെടുത്ത് സ്വാമിമാരായി മാറുന്ന കര്‍ണ്ണാടകയിലെ വിവിധ ജില്ലകളിലെയും ഉത്തരകേരളത്തിലെയും ആയിരക്കണക്കിന് ഭക്തന്മാരാണ് ഡിസംബര്‍ രണ്ടാം തീയതി ആരംഭിച്ച സേവാഭാരതിയുടെ ഇടത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. പ്രത്യേകിച്ച് നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി കര്‍ണാടകയില്‍ നിന്നും കാല് നടയായി എത്തിയ സ്വാമിമാര്‍ക്ക് വലിയൊരാശ്വാസമാണ് ഈ സേവാകേന്ദ്രം.
ഇവിടെ എത്തുന്നവര്‍ക്ക് വിരിവെക്കാനും, പൂജയ്ക്കും, ഭജന നടത്താനും സൗകര്യം ഒരുക്കിയിരുന്നു. താമസിക്കാനും പ്രാഥമിക കര്‍മ്മങ്ങള്‍ക്കും സൗകര്യമൊരുക്കിയിട്ടുള്ള സേവാകേന്ദ്രത്തില്‍ നൂറുകണക്കിന് സ്വാമിമാര്‍ താമസിക്കുകയും ചെയ്തിരുന്നു. നിത്യേനയുള്ള അന്നദാനവും, മെഡിക്കല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനവും ഈ സേവാകേന്ദ്രത്തെ ശ്രദ്ധേയമാക്കി.
കഴിഞ്ഞദിവസം നടന്ന പണിമുടക്കില്‍ ഹോട്ടലുകള്‍ തുറക്കാതിരുന്നത് കാരണം വലഞ്ഞ സ്വാമിമാര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ സേവാകേന്ദ്രം. വളരെ വൈകി വരുന്നവര്‍ക്കും കൊച്ചു കുട്ടികളായ മണികണ്ഠ സ്വാമിമാര്‍ക്കും വിശപ്പകറ്റാനും മറ്റും സാധിച്ചതിന്റെ സംതൃപ്തിയിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: