പന്തളം: നീലാകാശത്തില്‍ വട്ടമിട്ടുപറന്ന ശ്രീകൃഷ്ണപരുന്തിനെ സാക്ഷിയാക്കി ശരണമന്ത്രങ്ങളുടെ അകമ്പടിയോടെ പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് മകരവിളക്കിന് മണികണ്ഠന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പുറപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 4.30ന് സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് തിരുവാഭരണങ്ങള്‍ എഴുന്നള്ളിച്ചു.
ഉച്ചയ്ക്ക് 12ന് ഉച്ചപൂജയ്ക്കായി നടയടച്ചു. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ മൂന്നാംമുറ തമ്പുരാന് ചതയം നാള് രാമവര്‍മ്മരാജയും രാജപ്രതിനിധിയായി തിരുവാഭരണത്തോടൊപ്പം മല ചവിട്ടുന്ന ഉത്രം നാള് ആര്. പ്രദീപ്കുമാര്‍ വര്‍മയും ക്ഷേത്രത്തിലെത്തി. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം മേല്‍ശാന്തി വിഷ്ണു പോറ്റി ഉടവാള് വലിയ തമ്പുരാനെ ഏല്‍പ്പിച്ചു. തമ്പുരാന് അത് രാജപ്രതിനിധിക്കു കൈമാറി. കുളത്തിനാലില്‍ ഗംഗാധരന് പിള്ളയുടെ നേതൃത്വത്തില്‍ തിരുവാഭരണം ശിരസ്സിലേറ്റുന്ന ഇരുപത്തിനാലംഗ സംഘത്തെ തമ്പുരാന് വിഭൂതി നല്കി അനുഗ്രഹിച്ചു. തുടര്‍ന്ന് ആരതി ഉഴിഞ്ഞ് തിരുവാഭരണങ്ങള്‍ പെട്ടിയിലാക്കുന്ന ചടങ്ങ് നടന്നു. ഈ സമയം ക്ഷേത്രത്തിന് മുകളില്‍ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു.
ഒരു മണിക്ക് ഗുരുസ്വാമി പേടകം ശിരസ്സിലേറ്റി. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും, ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന് നായരും ക്ഷേത്രത്തെ വലം വച്ച് യാത്രയാരംഭിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരും ഘോഷയാത്രയെ അനുഗമിച്ചു.
തിരുവാഭരണ ഘോഷയാത്രയ്ക്ക് തൊട്ടുപിന്നാലെ പല്ലക്കില്‍ യാത്രതിരിച്ച രാജപ്രതിനിധി, കൈപ്പുഴ നാലുകെട്ട് കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി മകംനാള്‍ തന്വംഗിയെ കണ്ടു വണങ്ങി ഭസ്മക്കുറി സ്വീകരിച്ച് അനുഗ്രഹം തേടി യാത്ര തുടര്‍ന്നു.
കുളനട, ആറന്മുള, പാമ്പാടുമണ് വഴി പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ഇന്നലെ രാത്രിയോടെ അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി. ഇന്ന് ളാഹ വനം വകുപ്പ് സത്രത്തില്‍ തങ്ങും. നാളെ ശബരിപീഠം വഴി ശരംകുത്തിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: