കൊച്ചി: കൈയേറ്റക്കാര്‍ക്ക് മുന്നറിയിപ്പായി മരടിലെ നാല് ഫഌറ്റുകളും മണ്ണടിഞ്ഞു. പരിസ്ഥിതിയെ വെല്ലുവിളിച്ച് രാഷ്ട്രീയ-ഉേദ്യാഗസ്ഥ പിന്തുണയോടെ കെട്ടിപ്പൊക്കിയ മരടിലെ ഫഌറ്റുകളുടെ പൊളിക്കല്‍ പൂര്‍ത്തിയായി. സുപ്രീംകോടതിയുടെ ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കി. പൊളിക്കാന്‍ ഉത്തരവിട്ട കെട്ടിടങ്ങളില്‍ ബാക്കിയായിരുന്ന ജെയിന് കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും ഇന്നലെ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. ഹോളിഫെയ്ത്ത് എച്ച്ടുഒയും ആല്‍ഫാ സെറിന്റെ രണ്ടു ടവറുകളും ശനിയാഴ്ച നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിച്ചിരുന്നു.
ഇന്നലെ രാവിലെ 11.03ന് ജെയിന് കോറല്‍കോവ് സ്ഫോടനത്തില്‍ നിലം പൊത്തി. പതിനാറു നിലയുള്ള ഈ ഫഌറ്റാണ് തകര്‍ത്തതില്‍ ഏറ്റവും വലുത്. രാവിലെ പത്തരമുതല്‍ മൂന്ന് മുന്നറിയിപ്പു സൈറണുകള്‍ മുഴക്കി, ഗതാഗത നിയന്ത്രണത്തിനു ശേഷമായിരുന്നു പൊളിക്കല്‍. 372.8 കിലോ സ്ഫോടകവസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്. 128 അപ്പാര്ട്ട്മെന്റുകളുണ്ടായിരുന്ന ഈ ഫഌറ്റ് തകര്‍ന്നു വീണത് 5.6 സെക്കന്‍ഡില്‍. തൊട്ടടുത്ത ഫഌറ്റിന്റെ പൊക്കത്തോളം പൊടിപടലങ്ങള്‍ ഉയര്‍ന്നു. പതിനാറു നിലകളുള്ള ഗോള്‍ഡന്‍ കായലോരം ഉച്ച കഴിഞ്ഞ് 2.31ന് നിലംപൊത്തി. ഇവിടെ ഉപയോഗിച്ചത് 15 കിലോ സ്ഫോടക വസ്തുക്കള്‍. ഉച്ചയ്ക്ക് 1.56 മുതല്‍ സൈറണുകള്‍ മുഴക്കിയതിനു ശേഷമാണ് സ്ഫോടനം നടത്തിയത്.
കൃത്യതയാര്‍ന്ന നിയന്ത്രിത സ്ഫോടനമാണ് തകര്‍ത്തതില്‍ ഏറ്റവും വലിയ ഫഌറ്റായ ജെയിനില്‍ നടത്തിയത്. അവശിഷ്ടങ്ങള്‍ കായലില്‍ വീണില്ല. കെട്ടിടം നിന്നിരുന്ന സ്ഥലത്ത് കൂമ്പാരമായി കുമിഞ്ഞുകൂടി. ഗോള്‍ഡന്‍ കായലോരത്തിന്റെ തൊട്ടടുത്തുള്ള അങ്കണവാടി കെട്ടിടത്തിന് കേടുപാടുകളൊന്നുമുണ്ടായില്ല. ഇവിടെയും അവശിഷ്ടങ്ങള്‍ കായലിലേക്ക് വീണില്ല. ഇരുപതു വര്‍ഷം മുന്‍പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിത ഫഌറ്റ് സമുച്ചയമാണ് ഗോള്‍ഡന്‍ കായലോരം. ഇതിന്റെ ചുവടു പിടിച്ചായണ് മറ്റു കെട്ടിടങ്ങളും കെട്ടിപ്പൊക്കിയത്.തീരപരിപാലന നിയമലംഘനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കര്‍ശനമായ നിര്‍ദേശങ്ങളോടെ പുറപ്പെടുവിച്ച വിധിയാണ് നടപ്പാക്കിയത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: