ന്യൂദല്‍ഹി: കലാപകാരികളില്‍ നിന്ന് തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് അലിഗഢ് മുസ്ലിം സര്‍വകലാശാല വിസി താരിഖ് മന്‍സൂര്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കി. പൗരത്വ ബില്ലിനെതിരെ സര്‍വകലാശാലയില്‍ പ്രക്ഷോഭം നടത്തുമ്പോള്‍ പോലീസ് സഹായം വൈസ് ചാന്‍സലര്‍ തേടിയതാണ് കലാപകാരികളെ ചൊടിപ്പിച്ചത്. ഇതോടെ താരിഖ് മന്‍സൂര്‍ കലാപകാരികളുടെ കണ്ണിലെ കരടായി.
ഈ മാസം 13നു സര്‍വകലാശാല തുറക്കാനിരിക്കയാണ് തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് വിസി പോലീസ് മേധാവിക്ക് കത്ത് നല്‍കിയത്. അലിഗഡ് സര്‍വകലാശാലയില്‍ സാമൂഹ്യവിരുദ്ധര്‍ സമരങ്ങളുടെ മറവില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് താരിഖ് മന്‍സൂര്‍ നേരത്തേ പറഞ്ഞിരുന്നു. അദ്ദേഹം ഡിജിപിയ്‌ക്കു നല്‍കിയ കത്തിന്റെ കോപ്പി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയ്‌ക്കും നല്‍കിയിട്ടുണ്ട്.
















