ശബരിമല: സന്നിധാനത്ത് മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ നാളെ തുടങ്ങും. 13ന് പ്രാസാദശുദ്ധി. 14ന് രാവിലെ ബിംബശുദ്ധി. പ്രാസാദശുദ്ധി ക്രിയകളുടെ ഭാഗമായി ഗണപതിപൂജ, രാക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശം, രക്ഷാകലശം, വാസ്തു പുണ്യാഹം എന്നിവയുണ്ടാകും. ബിംബ ശുദ്ധി ക്രിയകളുടെ ഭാഗമായി ചതുര്‍ശുദ്ധി, ധാര,പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തഞ്ച് കലശം എന്നീ ചടങ്ങുകളാണ് നടക്കുന്നത്.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കര്‍മ്മികത്വത്തിലാണ് ശുദ്ധി ക്രിയകള്‍. മകരസംക്രമ പൂജയും മകരജ്യോതിയും 15നാണ്. സൂര്യന് ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന 15ന് പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ. ഈ സമയത്ത് സംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും.
തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്മുഖേന കൊണ്ടുവരുന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്യുക. 13ന് വൈകിട്ട് ആചാര്യ വരണം, 14ന് വൈകിട്ട് നാലിന് നട തുറന്ന് പതിവ് ചടങ്ങിന് ശേഷം അത്താഴപൂജ കഴിഞ്ഞ് സംക്രമപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മകരസംക്രമപൂജ കണക്കിലെടുത്ത് 14ന് രാത്രി നടയടയ്ക്കില്ല. 15ന് പുലര്‍ച്ചെ 2.09ന് സംക്രമപൂജ കഴിഞ്ഞ് പുലര്‍ച്ചെ 2.30ന് ഹരിവരാസനം പാടി നടയടയ്ക്കും.
പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം 15ന് വൈകിട്ട് ശരംകുത്തിയില്‍ എത്തിക്കും. തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തെത്തിക്കും. പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, അംഗങ്ങളായ വിജയകുമാര്‍, കെ.എസ്. രവി, സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ് എന്നിവര്‍ സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി അയ്യപ്പന് ചാര്‍ത്തി ദീ
പാരാധന നടത്തും. ഈ സമയം ആകാശത്ത് മകര നക്ഷത്രം ഉദിച്ചുയരും. തുടര്‍ന്ന് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കല്‍ ധര്മ്മശാസ്താക്ഷത്രത്തില് നിന്ന് പുറപ്പെടും.
19ന് കളഭം നടക്കും. 20ന് മാളികപ്പുറത്ത് ഗുരുതി, 21ന് പന്തളം രാജാവിന്റെ ദര്‍ശനത്തിന് ശേഷം രാവിലെ ഏഴിന് നടയടയ്ക്കുന്നതോടെ 60 ദിനരാത്രങ്ങള്‍ നീണ്ട മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് പരിസമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: