ഭാസ്കര്‍റാവുജി പലര്‍ക്കും പലതായിരുന്നു. മാതൃകാ സ്വയംസേവകന്, ആദര്‍ശനിഷ്ഠയുള്ള പ്രചാരകന്, മാര്‍ഗദര്‍ശിയായ ജ്യേഷ്ഠസഹോദരന്, ആദരവിന്റെ പര്യായമായ കാരണവര്‍. വ്യത്യസ്ത തലത്തില്‍ ഇവയൊക്കെ അനുഭവിക്കാന്‍ കഴിഞ്ഞവര്‍ക്കും ഒറ്റവാക്കില്‍ആ മനുഷ്യനെ ഇങ്ങനെ വിശേഷിപ്പിക്കാം- സ്നേഹസ്വരൂപന്.
ഒന്‍പത് പതിറ്റാണ്ടുകാലത്തെ ജീവിതയാത്രയ്ക്കിടെ, ഈ സാധാരണക്കാരനായ അസാധാരണക്കാരന് പൂര്‍ത്തീകരിച്ച കര്‍മകാണ്ഡത്തിന്റെ സദ്ഫലങ്ങള്‍ അസുലഭമായിരുന്നു. വ്യക്തികളും സംഘടനകളും സമൂഹവും ഇത് ആവോളം അനുഭവിച്ചു. ദക്ഷിണ കര്‍ണാടകയിലെ ഉഡുപ്പിയില്‍ ജനിച്ച്, ബര്‍മയില്‍ (ഇന്നത്തെ മ്യാന്മര്) വളര്‍ന്ന്, മഹാരാഷ്ട്രയില്‍ കൗമാരം ചെലവിട്ട്, കേരളത്തിലെത്തി തനി മലയാളിയായി മാറിയ വ്യക്തിത്വം. ചെറുപ്പത്തിലേ ശാഖയില്‍ പോവുകയും, സംഘസ്ഥാപകനായ ഡോ. കേശവബലിറാം ഹെഡ്ഗേവാറിനെ നേരില്‍ കാണുകയും ചെയ്ത ഭാഗ്യശാലിയായിരുന്നു ഭാസ്കര്‍റാവുജി.
അഭിഭാഷക ബിരുദത്തിനുശേഷം 1946-ല്‍ ആര്‍എസ്എസ് പ്രചാരകനായി കേരളത്തിലെത്തി. അവിശ്രമം, ആത്മത്യാഗനിര്‍ഭരമായ രാഷ്ട്രസേവനമായിരുന്നു തുടര്‍ന്നങ്ങോട്ടുള്ള ജീവിതം. ഐക്യകേരളം രൂപപ്പെടുന്നതിനും ഒരു പതിറ്റാണ്ടു മുന്‍പ്, ജാതിമത വികാരങ്ങള്‍ കീറിമുറിച്ച അങ്ങേയറ്റം കലുഷിതമായ സാമൂഹ്യാന്തരീക്ഷത്തില്‍ സംഘപ്രവര്‍ത്തനം കെട്ടിപ്പടുക്കുന്നതില്‍ ഈ പച്ചമനുഷ്യന് കാണിച്ച വൈഭവം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആരിലും അത്ഭുതമുളവാക്കും.
ഭാസ്കര്‍റാവുജി ഒരു ചിന്തകനായിരുന്നില്ല, പണ്ഡിതനായിരുന്നില്ല, പ്രഭാഷകനായിരുന്നില്ല. പക്ഷേ അതുല്യസംഘാടകനായിരുന്നു. മലയാളം പഠിച്ച്, ഇവിടുത്തെ ഭക്ഷണം രുചിച്ച്, മുണ്ടും ഷര്‍ട്ടുമിട്ട് നഗരങ്ങളിലൂടെയും നാട്ടിടവഴികളിലൂടെയും നിരന്തരം സഞ്ചരിച്ച്, സാധാരണ മനുഷ്യര്‍ക്കിടയില്‍ അവരിലൊരാളായി കഴിഞ്ഞാണ് കേരളത്തില്‍ ഇന്നു കാണുന്ന ആര്‍എസ്എസിന്റെ അടിത്തറ വിശാലമാക്കിയത്.
സ്നേഹം എന്ന വിപ്ലവത്തിലൂടെ നൂറുകണക്കിന് പ്രവര്‍ത്തകരെയും നിരവധി പ്രചാരകന്മാരെയും സൃഷ്ടിച്ചെടുത്ത ഭാസ്കര്‍റാവുജി ഇവര്‍ക്കെല്ലാം മാതൃകയും മാര്‍ഗദര്‍ശിയുമായി. സ്വയംസേവകനെന്ന നിലയ്ക്ക് സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയില്‍ കുടുംബ ജീവിതത്തിലും മുന്നേറാന്‍ അവര്‍ക്ക് ഭാസ്കര്‍റാവുജിയുടെ ഉറച്ച പിന്തുണ ലഭിച്ചു. അവരുടെയൊക്കെ മനസ്സുകളില്‍ ഈ കല്പ്പവൃക്ഷത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും കെടാ ദീപമായുണ്ട്.
കേരളത്തില്‍ 38 വര്‍ഷക്കാലം പ്രചാരകനായും, അതില്‍ത്തന്നെ 20 വര്‍ഷം പ്രാന്തപ്രചാരകനായും പ്രവര്‍ത്തിച്ച ഭാസ്കര്‍റാവുജി 1984-ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നപ്പോഴാണ് ചുമതലകളൊഴിഞ്ഞത്. ഇനി വിശ്രമിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് അന്നത്തെ സര്‍സംഘചാലക് ബാലാസാഹബ് ദേവറസ്ജി വനവാസി കല്യാണാശ്രമത്തിന്റെ ദേശീയ സംഘടനാ കാര്യദര്‍ശിയുടെ ചുമതല നല്‍കിയത്. ഈ സ്ഥാനത്ത് തുടര്‍ന്ന 15 വര്‍ഷംകൊണ്ട് രാജ്യത്തിന്റെ വനവാസി മേഖലകളില്‍ സുശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുത്തു. ഇവിടെയും സ്നേഹമായിരുന്നു വജ്രായുധം.
അവസാനകാലത്ത് സ്വന്തം ആഗ്രഹപ്രകാരം കേരളത്തില്‍ തിരിച്ചെത്തിയ ഭാസ്കര്‍റാവുജി പ്രാന്തകാര്യാലയമായ മാധവനിവാസില്‍ കഴിഞ്ഞു. അവശനിലയിലായിരുന്നിട്ടും ആലുവയില്‍ സര്‍സംഘചാലക് സംബന്ധിച്ച പരിപാടിയില്‍ പങ്കെടുത്ത് പ്രണാമം അര്‍പ്പിക്കുന്ന ഭാസ്കര്‍റാവുജിയുടെ ചി്രതം ഒരു ആദര്‍ശ ബിംബമാണ്.
2000 ജനുവരിയിലെ മകരസംക്രമ ദിനത്തില്‍ ഭൗതികദേഹം വെടിഞ്ഞ് ഭാസ്കര്‍റാവുജിയുടെ ആത്മാവ് സദ്ഗതി പ്രാപിച്ചു. പരിവര്‍ത്തനത്തിന്റെ ദിനമാണ് മകരസംക്രമം. രാഷ്ട്രം ആഗ്രഹിക്കുന്ന മഹാപരിവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിക്കുകയും, വലിയൊരളവോളം ഈ മാറ്റം കണ്മുന്നില് കാണുകയും ചെയ്ത ഒരു പുണ്യാത്മാവിന് ഈ ദിനത്തിലാണല്ലോ ഐഹികലോകത്തുനിന്ന് വിടപറയാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: