നിത്യഹരിത നായകന് എന്ന വിശേഷണം മലയാള സിനിമാരംഗത്ത് ഇന്നുവരെ ഒരാള്‍ക്കുമാത്രമേ ലഭിച്ചിട്ടുള്ളൂ. 1926 ഏപ്രില്‍ ഏഴിന് ചിറയിന്‍ കീഴില്‍ ജനിച്ച അബ്ദുള്‍ ഖാദര്‍ എന്ന മലയാള സിനിമയുടെ പ്രിയ നായകന് പ്രേംനസീറിന്. ആകാര സൗഷ്ടവം കൊണ്ടും അഭിനയംകൊണ്ടും ചലച്ചിത്ര രംഗത്ത് മൂന്നു വ്യാഴവട്ടം അദ്ദേഹം നിറസാന്നിധ്യമായിരുന്നു. ഒട്ടുമിക്ക ചിത്രങ്ങളിലും നായകവേഷം തന്നെയായിരുന്നു തനിക്കിണങ്ങിയതെന്നു കാട്ടിക്കൊടുത്ത നടന്. ആരെയും ആകര്‍ഷിക്കുന്ന മുഖലാവണ്യം നസീറിന്റെ മാത്രം സവിശേഷതയായിരുന്നു. സ്വഭാവ നൈപുണ്യംകൊണ്ട് എല്ലാവരുടെയും പ്രിയങ്കരന്‍. ചിട്ടയായ ജീവിത ശൈലി, കൃത്യനിഷ്ഠ ഇവയ്ക്കു പുറമെ ഒരു സിനിമാ താരം എന്ന തലക്കനം ഒരിക്കലും വച്ചുപുലര്‍ത്താത്ത വലിയ മനസ്സിന്റെ ഉടമയും ആയിരുന്നു നസീര്‍.
ചങ്ങനാശേരി എസ്ബി കോളജില്‍ ബിഎയ്ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ നാടകങ്ങളോടു കാട്ടിയ അഭിരുചിയാണ് പില്ക്കാലത്ത് അദ്ദേഹത്തെ സിനിമാ രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. 1952-ല്‍ പോള്‍ കല്ലുങ്കല്‍ നിര്‍മിച്ച് എസ്.കെ. ചാരി സംവിധാനം ചെയ്ത ‘മരുമകള്‍’ ആയിരുന്നു നസീറിന്റെ കന്നിച്ചിത്രമെങ്കിലും പിന്നീട് ചന്ദ്രതാരാ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ‘വിശപ്പിന്റെ വിളി’ എന്ന ചിത്രത്തിലൂടെയാണ് അറിയപ്പെട്ടു തുടങ്ങിയത്. തിക്കുറുശ്ശി സുകുമാരന്‍ നായര്‍, മിസ് കുമാരി തുടങ്ങിയ പ്രശസ്തരും ഈ സിനിമയില്‍ വേഷമിട്ടിരുന്നു. 1954-55 കളില്‍ പ്രേക്ഷകരുടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു അത്.
1960-80 കളില്‍ അഭിനയ ജീവിതത്തിലെ സുവര്‍ണകാലമായിരുന്നു. കുടുംബ ചിത്രങ്ങളുടെ കാലഘട്ടം, പ്രേംനസീര്‍ എന്ന നടനെ കൂടാതെ ഒരു സിനിമ എടുക്കാന്‍ ആരും മുന്നോട്ടു വന്നിരുന്നില്ല. സത്യനും തിക്കുറുശ്ശിയും മധുവും ഒക്കെ ഉണ്ടായിരുന്നിട്ടുപോലും ഒരു റൊമാന്റിക് ആക്ടര്‍ എന്ന് അറിയപ്പെട്ടിരുന്നത് പ്രേംനസീര്‍ മാത്രമായിരുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കണം ‘നിത്യഹരിത നായകന്’ എന്ന വിശേഷണം ലഭിച്ചതും. തന്റെ അഭിനയ കാലഘട്ടത്തില്‍ ഒരു വ്യത്യസ്ത കഥാപാത്രമായിരുന്നു എംടിയുടെ ഇരുട്ടിന്റെ ആത്മാവിലെ വേലായുധന് എന്ന് ഒരിക്കല്‍ അഭിമുഖത്തില്‍ നസീര്‍ പറയുകയുണ്ടായി. 1965-ല്‍ മുറപ്പെണ്ണ്, 67-ല്‍ ഇരുട്ടിന്റെ ആത്മാവ്, 69-ല്‍ കള്ളിച്ചെല്ലമ്മ, അനുഭവങ്ങള്‍ പാളിച്ചകള്‍, തുലാഭാരം, പണി തീരാത്ത വീട്, നദി, അദ്ധ്യാപിക തുടങ്ങി എണ്ണിയാല്‍ തീരാത്ത സിനിമകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്.
നിര്‍മാതാവും സംവിധായകനുമായ ഉദയ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോ തന്റെ വടക്കന്‍ കഥകളില്‍ നായകസ്ഥാനം നല്‍കിയുള്ള ക്ഷണം സ്വീകരിക്കുകയും അവയൊക്കെ പോപ്പുലര്‍ ഹിറ്റ് ആവുകയും ചെയ്തു. കണ്ണപ്പനുണ്ണി, ആരോമലുണ്ണി, തച്ചോളി അമ്പു, തുമ്പോലാര്‍ച്ച തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രം. നായികമാര്‍ ഏറെയും ഷീലയും. ജയഭാരതിയും ആയിരുന്നു.
1982-ലെ ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു പടയോട്ടം. 720 ചിത്രങ്ങളില്‍ അഭിനയിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ് നേടുമ്പോള്‍ അതില്‍ 130 ചിത്രങ്ങളും ഷീലയോടൊപ്പം ആയിരുന്നു. അക്കാലത്തെ പ്രസിദ്ധ നിര്‍മാതാവും സംവിധായകനുമായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി.സുബ്രഹ്മണ്യം തന്റെ പുരാണ ചിത്രങ്ങളില്‍ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കാന്‍ അവസരം കൊടുത്തതു മുഴുവന്‍ പ്രേംനസീറിനായിരുന്നു. ശ്രീരാമന്, ശ്രീകൃഷ്ണന് തുടങ്ങിയ വേഷങ്ങള്‍ നസീറിനു മാത്രമേ ഇണങ്ങൂ എന്ന നിലവന്നു.
ഒരുകാലത്ത് യുവഹൃദയങ്ങളുടെ ഹരമായിത്തീര്‍ന്ന നടന് വില്ലന്‍ കഥാപാത്രങ്ങളെയൊന്നും അവതരിപ്പിച്ചില്ലെന്നുതന്നെ പറയാം. സഹോദരനായിരുന്ന പ്രേംനവാസും കുറെയധികം മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ഒരു അപകടത്തില്‍പ്പെട്ട് അകാല ചരമം അടയുകയുണ്ടായി. മകന് ഷാനവാസ് അഭിനയരംഗത്തേക്ക് വന്നെങ്കിലും ഒരു മഹാനടന്റെ മകന് എന്നല്ലാതെ ഈ രംഗത്തു പിടിച്ചുനില്‍ക്കുവാനായില്ല.
കോണ്‍ഗ്രസ്സിന്റെ അംഗത്വമുണ്ടായിരുന്നിട്ടും സിനിമാ രാഷ്ട്രീയത്തിലേക്ക് കണ്ണുവയ്ക്കാതെയുള്ള സ്വതന്ത്ര നിലപാടാണ് നസീര്‍ കൈക്കൊണ്ടിരുന്നത്. കലാ സാംസ്കാരിക രംഗത്തേക്കായിരുന്നു കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. പത്മഭൂഷണ്‍, പത്മശ്രീ എന്നീ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ‘വിടപറയും മുമ്പേ’ എന്ന ചിത്രത്തിലെ മാധവന്‍കുട്ടിയെ അവതരിപ്പിച്ചതില്‍ കേരള സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു.
നസീറിന്റെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ ഗ്രാമത്തിലെ സ്കൂള്‍ പ്രേംനസീര്‍ മെമ്മോറിയല്‍ സ്കൂള്‍ ആയി മാറി. 1992-ല്‍ പ്രേംനസീറിന്റെ പേരില്‍ ഒരവാര്‍ഡ് ഏര്‍പ്പെടുത്തുകയുണ്ടായി. അത് ഇന്നും തുടര്‍ന്നുപോകുന്നു. 2018-ലെ നസീര്‍ അവാര്‍ഡ് നടി ശാരദയ്ക്കാണ് ലഭിച്ചത്. 38 വര്‍ഷം മലയാള സിനിമയുടെ നാഴികക്കല്ലുകളില്‍ ഒന്നായി മിന്നി. 1989 ജനുവരി 16-ന് വിട പറയുമ്പോള്‍ ആ മഹാനടന് വയസ്സ് 63. അഭിനയിച്ചു തീര്‍ക്കുവാന്‍ ഒരുപാടു കഥാപാത്രങ്ങളെ ബാക്കിവച്ചുകൊണ്ടുള്ള തിരോധാനം ചലച്ചിത്രരംഗത്തിനു തന്നെയല്ല, അദ്ദേഹത്തിനെ ഹൃദയത്തിലേറ്റിക്കൊണ്ടു നടക്കുന്ന ആസ്വാദകര്‍ക്കും വലിയ നഷ്ടം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: