ഇത് സിജോ ചെറിയാന്. കോട്ടയം കറുകച്ചാല്‍ സ്വദേശി. പുതുപ്പറമ്പില്‍ വീട്ടില്‍ പി. സി. ചെറിയാന്റെയും പരേതയായ ലില്ലിക്കുട്ടിയുടെയും മകന്. ഭാര്യ നീന. ആറു വര്‍ഷമായി ദുബായില്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ മെയില്‍ നഴ്സായി ജോലി ചെയ്യുന്ന സിജോ ശ്രദ്ധിക്കപ്പെട്ടത് തന്റെ ചെറിയ പ്രായത്തില്‍ കണ്ടുപിടിച്ച ഏകദേശം പത്തില്പരം കണ്ടുപിടിത്തങ്ങളിലൂടെയാണ്.
പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് എല്ലാ വിദ്യാര്‍ത്ഥികളെയും പോലെ കൂട്ടുകാരോടൊപ്പം വീടിന് സമീപത്തെ ആര്‍ട്സ് കോളേജില്‍ ചേര്‍ന്നു. കുറെപ്പേര് തൊഴില്‍ സാധ്യത കണക്കിലെടുത്തു ബെംഗളൂരുവിലുള്ള നഴ്സിങ് കോളജുകളിലേക്ക് വണ്ടി വിട്ടു. ഈ ട്രെന്‍ഡ് നാട്ടില്‍ നിലനില്‍ക്കുന്ന സമയം വീട്ടുകാരുടെയും കൂട്ടുകാരുടെയും സമ്മര്‍ദ്ദം സിജോയില്‍ ഏറിവന്നു. അവസാനം സമ്മര്‍ദത്തെ തുടര്‍ന്ന് എന്നാല്‍ പിന്നെ അതുംകൂടി പഠിക്കാമെന്നുറച്ച് സിജോയും ബെംഗളൂരുവിലേക്ക് വണ്ടി കയറി. കോഴ്സ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ നാട്ടില്‍ കാണാനിടയായ കുമരകം ബോട്ടപകടം സിജോയെന്ന ചെറുപ്പക്കാരനെ ഇരുത്തി ചിന്തിപ്പിച്ചു. അതാണ് കണ്ടുപിടിത്ത മേഖലയിലെ ആദ്യ ചുവടുകള്‍ക്ക് കാരണമായത്.
ഓരോന്നിനും ഓരോ കാരണമുണ്ട്
സിജോയുടെ ഓരോ കണ്ടുപിടിത്തത്തിനും ഓരോ കാരണമുണ്ട്. ഓരോ ദുരന്തവും സിജോയ്ക്ക് നൊമ്പരങ്ങളാണ്. വീണ്ടുമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അതിനൊരു പ്രതിവിധിയുണ്ടാക്കുക എന്നതാണ് സിജോയുടെ അടുത്ത ലക്ഷ്യവും പ്രയത്നവും.
കോട്ടയം കുമരകത്തെ ബോട്ടപകടം സിജോയെ വല്ലാതെ പിടിച്ചുലച്ചു. പിന്നെ അമാന്തിച്ചില്ല. ബോട്ടില്‍ എത്ര ഭാരം കയറിയാലും അത് താങ്ങി നിര്‍ത്താന്‍ കഴിയുന്ന സംവിധാനം കണ്ടുപിടിച്ചു. പിന്നൊരിക്കല്‍ സിജോയെ വേദനിപ്പിച്ചത് ഹരിപ്പാട് ലെവല്‍ ക്രോസിലെ അപകടമാണ്. അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നുള്ളത് സിജോ ഇപ്പോഴും ഓര്‍ക്കുന്നു. പിന്നീടങ്ങോട്ട് ആളില്ലാ ലെവല്‍ ക്രോസിലെ അപകടം ഒഴിവാക്കുവാനായിരുന്നു ചിന്ത മുഴുവനും. അനന്തര ഫലമായി ആളില്ലാ ലെവല്‍ ക്രോസിലെ അപകടം ഒഴിവാക്കുന്ന സംവിധാനം കണ്ടുപിടിച്ചു. അന്ന് കളക്ടര്‍ ആയിരുന്ന വത്സലകുമാരിയുടെ ശ്രമഫലമായി ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും, സര്‍ക്കാര്‍ അത് റെയില്‍വേ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് സേലം മേട്ടുപ്പാളയം പാതയില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഈ പദ്ധതി സ്ഥാപിച്ചു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള മുപ്പത്തയ്യായിരം ലെവല്‍ ക്രോസുകളില്‍ ഈ പ്രോജക്റ്റ് നടപ്പിലാക്കാനുള്ള ആലോചനകള്‍ റയില്‍വേ നടത്തിവരുന്നു.
ഹരിപ്പാട്ടെ ദുരന്ത സമയത്താണ് മൂലമറ്റം പവര്‍ സ്റ്റേഷനിലും അപകടം നടക്കുന്നത്. അതിനെ തുടര്‍ന്നാണ് വയര്‍ലെസ് വഴി ഓട്ടോമാറ്റിക്ക് ആയി തീ അണയ്ക്കുന്ന സംവിധാനം സിജോ കണ്ടുപിടിക്കുന്നത്. ഇക്കാലത്താണ് ഡാമുമായി ബന്ധപ്പെട്ട പെന്‍സ്റ്റോക്ക് ദുരന്തമുണ്ടായതും. അതിന് പരിഹാരമായിട്ടാണ് പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിയാല്‍ ഓട്ടോമാറ്റിക്ക് ആയി ഡാം അടയുന്ന സംവിധാനം സിജോ കണ്ടെത്തുന്നത്. ഒരേ സമയത്തുള്ള ഈ മൂന്ന് കണ്ടുപിടിത്തങ്ങളും സിജോയുടെ ജീവിതത്തില്‍ വഴിത്തിരിവ് ആയെന്നു പറയാം. ഓട്ടോമാറ്റിക് വയര്‍ലെസ്, അഗ്നി സുരക്ഷാ ഉപകരണം, റെയില്‍വേ പാളത്തിലെ വിള്ളല്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനം, കടകളിലും വീടുകളിലും കള്ളന് കയറിയാല്‍ സന്ദേശം നല്‍കാനുള്ള ഉപകരണം, ഭൂമി കുലുക്കത്തില്‍ നിന്ന് സുരക്ഷ നല്കുന്ന ഉപകരണം തുടങ്ങി കണ്ടുപിടിത്തങ്ങളുടെ ഒരു നീണ്ട നിരതന്നെ നടത്തിയിരിക്കുകയാണ് ഈ യുവ ശാസ്ത്രജ്ഞന്.
സിജോയെ കണ്ട് ഞെട്ടി നാട്ടുകാര്‍
കണ്ടുപിടിത്തങ്ങളുടെയും പരീക്ഷണങ്ങളുടെയും ആദ്യ ഘട്ടങ്ങള്‍ നാട്ടുകാരോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല.പരീക്ഷണങ്ങള്‍ പരാജയപ്പെട്ടാലോ എന്ന ചിന്തയായിരുന്നു ഇതിന് പിന്നില്‍. ഈ മൂന്ന് കണ്ടുപിടിത്തങ്ങളും നടത്തിയതിന്റെ പിറ്റേ ദിവസം പുലര്‍ച്ചേ താന്‍ നിര്‍മ്മിച്ച ഉപകരണങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കാനായി ശ്രമിച്ച വേളയില്‍ വീടിന് തൊട്ടു താഴെ താമസിക്കുന്ന ഒരു ബന്ധു ശബ്ദം കേട്ടുകൊണ്ട് വീട്ടുമുറ്റത്തേക്ക് കയറി വന്നു. വീട്ടുമുറ്റത്തെ കാഴ്ച്ചകള്‍ കണ്ട് ഞെട്ടിപ്പോയ അദ്ദേഹം വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുകൂട്ടി. ഒരു ചാനല്‍ പ്രവര്ത്തകന് കൂടിയായ അദ്ദേഹം അത് പ്രാദേശിക ചാനലില്‍ വാര്‍ത്തയും ആക്കി. ഇതായിരുന്നു സിജോയ്ക്ക് ലഭിച്ച ആദ്യ അംഗീകാരം. അതില്‍ വീട്ടുകാരുടെ പിന്തുണയാണ് ഏറെ സന്തോഷം പകര്‍ന്നത്. അതിനു ശേഷം എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സിജോയെന്ന ‘ആതുര ശാസ്ത്രജ്ഞനെ’ തേടി വീട്ടിലെത്തി. ഇതിനെ തുടര്‍ന്നാണ് സിജോ എന്ന ചെറുപ്പക്കാരനെ നാട്ടുകാര്‍ ശരിക്കും മനസ്സിലാക്കുന്നത്.
പിന്തുണകളും പ്രോത്സാഹനങ്ങളും
”പത്തനംതിട്ട ജില്ലാ കളക്ടര്‍ ആയിരുന്ന വത്സല മാഡം ആണ് എന്നെ ഏറെ സഹായിച്ചത്” സിജോ അഭിമാനത്തോടെ പറയുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ സെക്രട്ടറികൂടി ആയിരുന്ന കളക്ടറാണ് ആളില്ലാ ലെവല്‍ ക്രോസിന്റെ പ്രൊജക്റ്റ് അധികാരികളില്‍ എത്തിക്കുവാന്‍ മുന്‍കൈ എടുത്തത്. സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബത്തില്‍നിന്ന് പ്രോത്സാഹനം ഒഴിച്ച് യാതൊരു സഹായവും കിട്ടിയിരുന്നില്ല. ”എന്റെ മൂന്ന് കണ്ടുപിടിത്തങ്ങളും ഇന്റര്‍നാഷണല്‍ എക്സിബിഷന് സെലക്ട് ചെയ്തതോടെ എന്റെ മനസ്സ് മനസ്സിലാക്കിയ അമ്മ സ്വന്തം പേരിലുള്ള വസ്തുവില്‍ കുറച്ച് ഭാഗം വിറ്റ് എന്റെ ആഗ്രഹം നിറവേറ്റി.” ആറു രാജ്യങ്ങള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ വ്യക്തിഗത ഇനത്തിലെ ഒരേ ഒരിന്ത്യക്കാരന് സിജോ ആയിരുന്നു.
പ്രളയത്തിലും സിജോ എഫക്ട്
മലയാളികളെ ബാധിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം സിജോയെയും ദുഃഖത്തിലാഴ്ത്തി. ആ ചിന്തകളിലൂടെയാണ് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ കുടുംബത്തില്‍ എത്ര പേര് കുടുങ്ങിക്കിടക്കുന്നുവെന്നറിയാനുള്ള സംവിധാനം കണ്ടെത്തുന്നത്. വെള്ളത്തില്‍ വീണയാള്‍ ഏതു ഭാഗത്ത് ഉണ്ടെന്നറിയാനും, ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ എത്ര പേര് കുടുങ്ങി കിടപ്പുണ്ടെന്ന് അറിയുവാനും, അതില്‍ എത്ര പേര്‍ക്ക് ജീവനുണ്ടെന്നറിയുവാനുമുള്ള സംവിധാനവും ഇപ്പോള്‍ സിജോയുടെ പക്കലുണ്ട്.
പ്രമേഹത്തെയും അകറ്റി നിര്‍ത്താം
താനേറെ സ്നേഹിച്ചിരുന്ന വല്യമ്മച്ചിയുടെ മരണം പ്രമേഹം മൂലമായിരുന്നു. ആ വേര്‍പാട് സിജോയെ വല്ലാതെ വേദനിപ്പിച്ചു. അതിനെ തുടര്‍ന്നുള്ള ആലോചനകളിലൂടെയാണ് പ്രമേഹം പിടിപെട്ട് ഇനി ഒരാളും മരിക്കാന്‍ ഇടവരരുത് എന്ന ചിന്തയുദിച്ചത്. തുടര്‍ന്ന് പ്രമേഹത്തെക്കുറിച്ചുള്ള പഠനത്തിലേര്‍പ്പെട്ടു. ഈ രോഗത്തിന്റെ കാരണം കണ്ടുപിടിക്കുകയും, അതിന്റെ തീസിസിന് ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്തു. ഇതിന്റെ പഠന റിപ്പോര്‍ട്ട് ദുബായ് ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
ഒരാള്‍ തന്റെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും അന്യ രാജ്യത്ത് അവതരിപ്പിക്കുകയും, അത് അവിടത്തെ അധികാരികളെക്കൊണ്ട് നടപ്പാക്കിക്കുകയും ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ സിജോയ്ക്ക് അതിനും ഭാഗ്യമുണ്ടായി. ”എന്റെ താമസ സ്ഥലത്തിന്റെ സമീപം നിര്‍മിച്ച പുതിയ റോഡിന്റെ അപകട സാധ്യത ചൂണ്ടിക്കാണിക്കുകയും, അതിന് പരിഹാരമായി എന്റെ നിര്‍ദേശം അധികൃതര്‍ ചെവിക്കൊള്ളുകയും ചെയ്തു. അത് എനിക്ക് നല്കിയ ആത്മവിശ്വാസം കുറച്ചൊന്നുമല്ല” സിജോ പറയുന്നു.
ഗള്‍ഫിലെ ചൂടിന് സിജോയുടെ തണല്‍
”പണ്ട് മുതലേ ഗള്‍ഫ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം എത്തുക അവിടത്തെ ചൂട് കാലാവസ്ഥയാണ്. 2014 ല്‍ ഗള്‍ഫില്‍ വന്നിറങ്ങിയപ്പോള്‍ ചൂടിന്റെ കാഠിന്യം നേരില്‍ കണ്ട് ബോധ്യപ്പെട്ടപ്പോഴാണ് ഇവിടത്തെ നിവാസികള്‍ക്ക് ആശ്വാസമേകാന്‍ എനിക്കെന്തു ചെയ്യാന്‍ കഴിയുമെന്നുള്ള ചിന്ത വന്നത്.” അങ്ങനെ പഠിച്ചും ചിന്തിച്ചും പരീക്ഷിച്ചും അഞ്ച് വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ സിജോ പുതിയൊരു ഉപകരണം വികസിപ്പിച്ചെടുത്തു-എയ്റോടെക് -5. കഠിനമായ ചൂടിനെ നിയന്ത്രണ വിധേയമാക്കി അന്തരീക്ഷത്തില്‍ സാധാരണ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന സംവിധാനമാണിത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ അന്തരീക്ഷ ഊഷ്മാവിനെ നിയന്ത്രിക്കാന്‍ ഈ സംവിധാനത്തിന് കഴിയുമെന്ന് സിജോ ഉറപ്പ് നല്കുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ ദുബായിലെ അന്തരീക്ഷ ഊഷ്മാവ് 25 ഡിഗ്രി കടക്കില്ലത്രേ.
ചൊവ്വ ഗ്രഹത്തില്‍ മനുഷ്യ വാസം സാധ്യമാക്കുവാന്‍ കൃത്രിമ അന്തരീക്ഷം സൃഷ്ടിക്കുവാനും, അതു വഴി ഓക്സിജന്റെ അളവ് ക്രമീകരിക്കുവാനും കഴിയുന്നതാണ് സിജോയുടെ കണ്ടുപിടിത്തം. യുഎഇയുടെ ചൊവ്വ പര്യവേക്ഷണ പദ്ധതിയായ എമിറേറ്റ്സ് മാര്‍സ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന വലിയ സാധ്യതയും ദുബായ് അധികൃതര്‍ ഈ പദ്ധതിയില്‍ കാണുന്നുണ്ട്. ഓക്സിജന്റെ അളവ് കൂട്ടി അന്തരീക്ഷ വായുവിനെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുവാനും, ഊഷ്മാവ് കുറച്ച് അന്തരീക്ഷത്തിലെ ഈര്‍പ്പം ക്രമീകരിക്കാനും കഴിയുന്ന ഈ യന്ത്രം യാഥാര്‍ഥ്യമാകുന്നതോടെ മാനവ രാശിക്ക് വലിയ നേട്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല. നവീനമായ ആശയങ്ങളും കണ്ടെത്തലുകളും സാമൂഹ്യ നന്മയ്ക്ക് ഉപകരിക്കുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണമെന്ന ദുബായ് ഷേക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വാക്കുകളാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് സിജോയ്ക്ക് കൂടുതല്‍ കരുത്തേകുന്നത്.
അടങ്ങാത്ത താല്പര്യവും അര്‍പ്പണ ബോധവും
”നമ്മള് പലപ്പോഴും ചിന്തിക്കുന്നത് എനിക്കിതിന് കഴിയില്ല, ഞാന്‍ വിജയിക്കില്ല എന്നൊക്കെയാണ്. അങ്ങനെ ചിന്തിച്ചാല്‍ ഈ ലോകത്ത് ഒന്നും ചെയ്യാന്‍ കഴിയില്ല. ഏതൊരു പ്രവൃത്തിയും ആരംഭിക്കുന്നതിന് മുന്‍പ് എനിക്കിതിന് കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. ഈ പരിശ്രമത്തിനിടയില്‍ പലവിധത്തിലുള്ള പ്രതിസന്ധികളും പരാജയവും നമുക്ക് നേരിടേണ്ടി വന്നേക്കാം. ഓരോ പരാജയങ്ങളും വിജയത്തിന്റെ ചവിട്ടു പടികളാക്കണം. അതിനുവേണ്ടി നിരന്തര പരിശ്രമം ആവശ്യമാണ്” എന്ന സിജോയുടെ വാക്കുകളില്‍ ആത്മവിശ്വാസം തുടിക്കുന്നുണ്ട്.
സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന നഗരമാണ് ദുബായ്. ദുബായ് സര്‍ക്കാരിന്റെ 2017ലെ യങ് സയന്റിസ്റ്റ് അവാര്‍ഡിന്റെ നോമിനി ആയിരുന്നു. ദശലക്ഷം ഡോളര്‍ സമ്മാനമുള്ള ആ അവാര്‍ഡ് അടുത്ത വര്‍ഷം ലഭിക്കുമെന്നുള്ള പ്രതീക്ഷയാണ് സിജോയ്ക്കുള്ളത്. നാട്ടിലും വിദേശത്തുമുള്ള നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും സിജോയെ തേടിയെത്തിയിട്ടുണ്ട്. ഹ്യുമിഡിറ്റി കണ്ട്രോള് സിസ്റ്റവും ഡയബെറ്റിക്സ് കണ്ട്രോള് സിസ്റ്റവും ദുബായ് ഭരണാധികാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് സിജോ എന്ന ഈ യുവ ശാസ്ത്രജ്ഞന് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: