ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തിനും ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനും മദ്ധ്യേയുള്ള തൃപ്പുലിയൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായ തൃച്ചിറ്റാറ്റ്, തിരുവന്‍വണ്ടൂര്‍, തിരുവാറന്മുള, തൃക്കൊടിത്താനം എന്നിവയില്‍പ്പെട്ടതാണ്. ഭീമസേന തിരുപ്പതി എന്നും ക്ഷേത്രം അറിയപ്പെടുന്നു. നരസിംഹ ചൈതന്യത്തോടുകൂടിയ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന തൈപ്പൂയ്യ കാവടിയാട്ടം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ എങ്ങനെ ആരംഭിച്ചു എന്നതിനെപ്പറ്റി ഭക്തരുടെ ഇടയില്‍ ഇന്നും ഒട്ടേറെ സംശയങ്ങള്‍ നിലനില്ക്കുന്നു. ക്ഷേത്രത്തില്‍ ഊരാഴ്മ കാരായ്മ കൈസ്ഥാനി ആയ ഇടയ്ക്കാട്ടില്‍ ഇല്ലത്ത് നിന്ന് തൃപ്പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രം തിരുവിതാംകൂറിലേക്ക് ചേര്‍ത്തു. അതോടെ പുലിയൂര് ദേശത്തിന് അരാജകത്വം സംഭവിച്ചു. അക്കാലത്ത് തൃപ്പുലിയൂരപ്പന് കാവടി അഭിഷേകം നടത്തണമെന്ന് ഇല്ലത്തെ മൂത്തതിന് സ്വപ്നദര്‍ശനം ഉണ്ടായത്രെ. ശത്രുപീഡയാല്‍ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന മൂത്തതുമാര്‍ മനംനൊന്ത് പ്രാര്‍ത്ഥിച്ച് ഭഗവാന്റെ ഹിതമെന്തെന്ന് മനസ്സിലാക്കി 1128-ാം മാണ്ട് ചിങ്ങത്തിലെ അഷ്ടമിരോഹിണി നാള് അര്‍ദ്ധരാത്രിയില്‍ അവതാര പൂജ സമയത്ത് തൃപ്പുലിയൂരപ്പന് ആദ്യമായി കാവടി അഭിഷേകം നടത്തി.
ഇടയ്ക്കാട്ടില്‍ ഇല്ലത്തെ മൂത്തതുമാരായ ശങ്കുണ്ണി മൂത്തത്, നാരായണന് മൂത്തത്, പരമേശ്വരന് മൂത്തത്, ശങ്കര ശര്‍മ്മ, ഇല്ലത്തെ മരുമക്കളായ തിരുവല്ല കാടുവള്ളില്‍ ഇല്ലത്തെ വാസുദേവ ശര്‍മ്മ, മഹാദേവശര്‍മ്മ, ബന്ധുവും ക്ഷേത്രജോലിയില്‍ സഹായിക്കുന്നതിനായി ഉണ്ടായിരുന്ന തിടനാട് അനിയന് മൂത്തത്, വാരണേത്ത് കൃഷ്ണ് മേസ്തിരി, പുതുവങ്ങാട്ടില് അച്യുതന് പിള്ള, കാവിലേത്ത് കൃഷ്ണപിള്ള, കാവിലേത്ത് ഗോപാലപിള്ള, പുളിനില്‍ക്കുന്നതില്‍ ഭാസ്ക്കരന്‍ നായര്‍, കൊല്ലേത്ത് ഗോപാലപണിക്കര്, തെക്കന്‍കോവില്‍ രാഘവന് പിള്ള, ചേരിതെക്കേതില്‍ രാഘവന്‍പിള്ള, തുണ്ടിയില്‍ കേശവകാര്ണവര് തുടങ്ങിയവരാണ് ആദ്യമായി കാവടി വഴിപാട് നടത്തിയത്. മൂന്നാം വര്‍ഷം ആയപ്പോഴേക്കും കാവടിയുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. കാലാന്തരത്തില്‍ ഭഗവാന്റെ പ്രതിഷ്ഠാദിനമായ മകര സംക്രമനാളിലേക്ക് കാവടി വഴിപാട് മാറ്റി.
28 മഠങ്ങളുടെ അധീനതയില്‍ ആയിരുന്ന തൃപ്പുലിയൂര്‍ ക്ഷേത്രത്തില്‍ നാട്ടുഭരണം നടത്തിയിരുന്ന നായര്‍ പ്രമാണിയെ ക്ഷേത്രത്തില്‍ കരിമ്പടവും വെള്ളയും വിരിച്ചു കൊടുത്ത് സ്വീകരിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ബ്രാഹ്മണര്‍ ഇതില്‍ വീഴ്ചവരുത്തി ശത്രുത ഉണ്ടാക്കി, നായര്‍ പ്രമാണിയെ വകവരുത്താന്‍ തീരുമാനിച്ചു.
ഇതിന് മഠത്തിലെ ആള്ക്കാര്, നായര്‍ പ്രമാണി വന്നിരിക്കുന്ന സ്ഥലത്ത് വലിയ കിടങ്ങ് കുഴിച്ച് നാരായം നാട്ടി നിര്‍ത്തി,അദ്ദേഹത്തെ അതില്‍ ഇരുത്തി കൊന്നു. തുടര്‍ന്നുണ്ടായ അനിഷ്ടങ്ങള്‍ പരിഹരിക്കാന്‍ ദേവപ്രശ്നം നടത്തിയെന്നും, പരിഹാരമായി 28 മഠങ്ങളിലെയും ആബാലവൃദ്ധര്‍ക്ക് ക്ഷേത്രത്തില്‍ വിളിച്ചുവരുത്തി ബ്രാഹ്മണസദ്യ കൊടുക്കണമെന്നു നിര്‍ദേശിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ സദ്യക്കായി മഠങ്ങളില്‍ എല്ലാവരെയും കൃത്യമായി എണ്ണി നാലമ്പലത്തില്‍ വിളിച്ചിരുത്തി, നായര്‍ പ്രമാണിയുടെ ആള്ക്കാര് എല്ലാവരെയും വെട്ടിക്കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
പിന്നീട് നൂറ്റാണ്ടുകളോളം ക്ഷേത്രം പൂജയൊന്നുമില്ലാതെ കിടന്നു. ഒരിക്കല്‍ കായംകുളം രാജാവ് ഈ വഴി പോയപ്പോള്‍ ക്ഷേത്രം അടഞ്ഞു കിടന്നതുകണ്ട്, ഒരു ബ്രാഹ്മണകുടുംബത്തെ ക്ഷേത്രഭരണവും ദേശഭരണവും ക്ഷേത്രത്തിലെ പൂജാദികാര്യങ്ങളും ഏല്‍പ്പിച്ചുവത്രെ. ഇടയ്ക്കാട്ടില്‍ ഇല്ലം എന്നാണ് ഇല്ലപ്പേര്. ഇവര്‍ക്ക് മൂത്ത ഉടയവര്‍കള്‍ മൂത്തത് എന്ന സ്ഥാനപ്പേരും നല്കി. ഇതാണ് ഇടയ്ക്കാട്ടില്‍ ഇല്ലത്തു മൂത്തതുമാര്‍. ഇവര്‍ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കിവരവെ ഭരണാധികാരിയായ രാജാവിന് വരുമാനമുള്ള ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ തീരുമാനമായി. 1949 ല്‍ ക്ഷേത്രം രാജാവിന്റെ ഭരണത്തിലായി.
41 ദിവസത്തെ കഠിനവ്രതവും, അഭിഷേകത്തിന് ഏഴു ദിവസം മുമ്പുള്ള ഹിഡുംബന് പൂജയുമാണ് കാവടിവ്രതത്തിന്റെ പ്രത്യേകത. കാവടിയാട്ടത്തിന്റെ തലേദിവസം കാവടിയില്‍ ദ്രവ്യങ്ങളായ എണ്ണ, നെയ്, തേന്‍, ശര്‍ക്കര, പനിനീര്, പാല്, കരിക്ക്, അന്നം, കര്‍പ്പൂരം, പുഷ്പം, കളഭം തുടങ്ങിയവ നിറയ്ക്കുന്നു. നിറപൂജ കഴിഞ്ഞ് ചെങ്ങന്നൂര്‍ – പേരിശ്ശേരി പഴയാറ്റില്‍ ശ്രീദേവീക്ഷേത്രത്തിലേക്ക് ഭജനം പാര്‍ക്കാന്‍ പോകുകയും, മകരസംക്രമ ദിവസം മുത്തുക്കുട, വാദ്യമേളങ്ങള്‍, താലപ്പൊലി, ഗജവീരന്മാരുടെ അകമ്പടിയോടു കൂടി കാവടികള്‍ ക്ഷേത്രത്തില്‍ എത്തുകയും തുടര്‍ന്ന് ഭഗവാന് അഭിഷേകം നടത്തുകയും ചെയ്യുന്നു.ഹിഡുംബന് പൂജയ്ക്കും കാവടി നിറയ്ക്കും ഇടയ്ക്കാട്ടില്‍ ഇല്ലത്തെ നാരായണ ശര്‍മ്മയ്ക്കും ക്ഷേത്രം മേല്‍ശാന്തിക്കും വളരെ പ്രാധാന്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: