എണ്പതു വയസ്സിലെത്തിയ യേശുദാസിനെ കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി മലയാളി കേട്ടുകൊണ്ടിരിക്കുന്നു. മലയാളവും തമിഴും കന്നടയും തെലുങ്കും ബംഗാളിയും ഹിന്ദിയും കടന്ന് ആ ശബ്ദം വ്യാപിക്കുന്നു. ഗന്ധര്വ്വഗായകന് യേശുദാസിന് എണ്പതു വയസ്സായെന്ന ഓര്‍മ്മപ്പെടുത്തല്‍ മലയാള ചലച്ചിത്ര ഗാനശാഖയുടെ ചരിത്രവും പാരമ്പര്യവും വളര്‍ച്ചയും കൂടി ഓര്‍മ്മിപ്പിക്കുകയാണ്. എണ്‍പതും നൂറും കടന്ന് ആ ശബ്ദമാധുര്യം നമുക്കിടയില്‍ സജീവ സാന്നിധ്യമാകും.
മലയാളി എന്നും കേട്ടുകൊണ്ടിരിക്കുന്ന, അനുഭവിക്കുന്ന ശബ്ദമാണ് യേശുദാസിന്റെത്. ഒരാള്‍ ജീവിതത്തില്‍ ആദ്യം കേള്‍ക്കുന്ന പാട്ട് അയാളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുമെന്നാണ് പറയാറ്. അങ്ങനെയെങ്കില്‍ യേശുദാസിന്റെ പാട്ടുകളെ, ശബ്ദത്തെ സ്നേഹിക്കുന്ന മലയാളികളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ യേശുദാസ് എന്ന ഗായകന് മുഖ്യ പങ്കുണ്ട്. ഒരു നദിയുടെ സ്വച്ഛസുന്ദരമായ ഒഴുക്കുപോലെ, അദ്ദേഹം പാടിയ ഗാനങ്ങള്‍ മൂന്ന് തലമുറ മലയാളികളുടെ ജീവിതത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. യേശുദാസില്ലാത്ത ഒരു ജീവിതം മലയാളിക്കില്ല. ഇനി സൃഷ്ടിക്കാനും സാധ്യമല്ല. ഓരോ ദിവസവും ഓരോ സന്ദര്‍ഭത്തിലും ഗന്ധര്‍വ്വ ഗായകന് നമുക്കിടയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നു.
ഭക്തിയും പ്രണയവും സങ്കടവും സന്തോഷവും എല്ലാം ഇടകലര്‍ന്ന ജീവിതത്തില്‍ ആ ശബ്ദം ഒഴിച്ചു കൂടാനാകാത്ത വ്യക്തിയോ സംഗീതമോ ആകുന്നു. കടുത്ത ദുഃഖം വന്നു പൊതിയുമ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ നമ്മുടെ മനസ്സിലേക്ക് കയറിക്കൂടിയ സ്വര്‍ണ്ണത്താമര ഇതളിലുറങ്ങും… എന്ന ഗാനം മനസ്സിനെ ശാന്തതയുടെ തീരത്തെത്തിക്കുന്നു. ആഹ്ലാദത്തിന്റെ കൊടുമുടി കയറുമ്പോള്‍ തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി…. എന്ന ഗാനം തുള്ളിക്കളിച്ചു പാടാന്‍ നമുക്കു കൊതിയാകുന്നു. പ്രണയപരവശനായിരിക്കുമ്പോഴും വിരഹത്താല്‍ നീറുമ്പോഴും മനസ്സിലേക്ക് ഒഴുകിയെത്തണമെന്ന് കൊതിക്കുന്ന എത്രയോ ഗാനങ്ങള്‍. ”സുറുമയെഴുതിയ മിഴികളേ… പ്രണയമധുര തേന്‍ തുളുമ്പും സൂര്യകാന്തി പൂക്കളേ…” എന്ന യൂസഫലി കേച്ചേരിയുടെ വരികള്‍ യേശുദാസിന്റെ ശബ്ദത്തിലെത്തുമ്പോള്‍ പ്രണയാര്ദ്രമാകാത്ത മനസ്സുകളുണ്ടോ? പ്രണയത്തിന്റെയും വിരഹത്തിന്റെയും തേന്മഴ പെയ്യിക്കുന്ന ഗാനം അനശ്വരമായത് യേശുദാസിന്റെ ശബ്ദത്തിലായപ്പോഴാണ്. പാട്ടു പാടിക്കഴിയുമ്പോള്‍ പ്രണയത്തിന്റെ ആഹ്ലാദം മുഴുവന്‍ ഹൃദയത്തില്‍ നിറച്ച് കണ്ണടച്ച് ധ്യാനത്തിലാകുന്ന ആയിരങ്ങളുണ്ട്. ഒരു ഗായകന് നമ്മുടെ മനസ്സിനെ, ജീവിതത്തെ കീഴടക്കുന്നതെങ്ങനെയെന്ന് തിരിച്ചറിയുന്നു.
എല്ലാമാസവും ശബരിമലയില്‍ പോകുന്ന ഒരു സുഹൃത്ത് പറഞ്ഞത് അയ്യപ്പനോടുള്ള അപാരമായ ഭക്തിക്കപ്പുറം മറ്റൊന്നു കൂടിയുണ്ട് തന്നെ അവിടേക്ക് അടുപ്പിക്കുന്നതിന് കാരണമായി എന്നാണ്. അയ്യപ്പന്റെ തിരുനടയടയ്ക്കുമ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ പ്രവഹിക്കുന്ന ഉറക്കുപാട്ട്! യേശുദാസ് പാടുന്ന ഹരിവരാസനം കേട്ട് ആ നടയില്‍ കണ്ണടച്ചു നില്ക്കുമ്പോള് ഈശ്വര ചൈതന്യം ആശ്ലേഷിക്കുന്ന അനുഭൂതിയുണ്ടാകും. കാടും മലയും താണ്ടി, കല്ലും മുള്ളും ചവിട്ടി ശബരീശ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്ന അയ്യപ്പഭക്തന്റെ ഹൃദയത്തിലേക്കാണ് യേശുദാസിന്റെ ശബ്ദം പ്രവഹിക്കുന്നത്.
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ…ഭക്തി ലഹരിയില്‍ പൂങ്കാവനത്തില്‍ സൗരഭ്യം പരക്കുമ്പോള്‍ ഭക്തിയുടെ ഒരു പങ്ക് ഗാനഗന്ധര്‍വ്വനായി മാറ്റി വയ്ക്കുന്നു. കോടി ജനങ്ങളുടെ പുണ്യം അദ്ദേഹത്തിനു കൂടി പകുത്തു നല്കുന്നു.ഗുരുവായൂരപ്പന്റെ തിരുനട തുറക്കുമ്പോള്‍ യേശുദാസിന്റെ ശബ്ദമാണ് നിറയുന്നത്. സംഗീതത്തെ ക്ഷേത്രത്തില്‍ കയറ്റി സംഗീതജ്ഞനെ പുറത്തു നിര്‍ത്തിയപ്പോള്‍ പുറത്തു നിന്നദ്ദേഹം പാടുന്നു…
ഗുരുവായൂരമ്പല നടയില്‍
ഒരു ദിവസം ഞാന്‍ പോകും
ഗോപുര വാതില്‍ തുറക്കും ഞാന്‍
ഗോപകുമാരനെ കാണും….
എല്ലാ ജന്മദിനത്തിനും മൂകാംബികാ ദേവിക്കു മുന്നില്‍ ഭക്തിയോടെ അദ്ദേഹം പാടുന്നു. സൗപര്‍ണ്ണികാ തീര്‍ഥം ശരീരത്തിലും കുടജാദ്രിയിലെ ഔഷധക്കാറ്റിനെ ഹൃദയത്തിലും നിറച്ച് മൂകാംബികാ ദേവിക്കു മുന്നില്‍ നില്ക്കുന്നു. ദേവിക്കു മുന്നില്‍ വിലക്കുകളില്ലാതെ പാട്ടിന്റെ പാലാഴി തീര്‍ക്കുമ്പോള്‍ ദേവീ ശ്രീകോവിലില്‍ നിന്ന് ഇറങ്ങി വന്ന് അദ്ദേഹത്തിന്റെ ശരീരത്തിലേക്കു കയറുന്നു. ആ കാറ്റില്‍ ഒരു പാട്ട് ഒഴുകിയെത്തുന്നു. ഈശ്വരന് മനുഷ്യനായി അവതരിച്ചു…..
1940 ജനുവരി 10ന് ഫോര്‍ട്ടുകൊച്ചിയിലെ റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന് ജോസഫിന്റെ മകനായാണ് കാട്ടാശ്ശേരി ജോസഫ് യേശുദാസ് ജനിച്ചത്. അച്ഛന് പാടിപ്പഠിപ്പിച്ചവ മനസ്സില്‍ ധ്യാനിച്ച് യേശുദാസ് പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സ്വാതിതിരുന്നാള്‍ സംഗീത കോളേജ്, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ശ്രീനാരായണ ഗുരുദേവ സൂക്തമാണ് യേശുദാസ് സിനിമയ്ക്കു വേണ്ടി ആദ്യമായി പാടിയത്. കെ.എസ്.ആന്റണി സംവിധാനം ചെയ്ത ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. ദക്ഷിണാമൂര്‍ത്തിയായിരുന്നു സംഗീത സംവിധായകന്. നടനും പാട്ടുകാരനുമായ അഗസ്റ്റിന് ജോസഫിന്റെ മകന് പാട്ടുകാരനാണെന്നും അവനെക്കൊണ്ട് പാട്ടു പാടിക്കാമെന്നും പറഞ്ഞത് ചിത്രത്തിന്റെ സംവിധായകന് ആന്റണിയാണ്. റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ മൈക്കിനുള്ളിലൂടെ പുറത്തേക്കു വന്ന സ്വരത്തിന്റെ ഭംഗിയില്‍, ആലാപന മാധുരിയില്‍, അവിടെയുണ്ടായിരുന്നവര്‍ അദ്ഭുതപ്പെട്ടു. ആ ശബ്ദം മലയാളത്തിന്റെ ശബ്ദമാകുമെന്ന് ദീര്‍ഘജ്ഞാനിയായ ദക്ഷിണാമൂര്‍ത്തിസ്വാമി അന്നേ കുറിച്ചിട്ടു. ദക്ഷിണാമൂര്‍ത്തിയും യേശുദാസുമായി പിന്നീടുണ്ടായ ഗുരുശിഷ്യബന്ധവും ആ ബന്ധത്തിലൂടെ പുറത്തു വന്ന നിരവധി പാട്ടുകളും ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതാണ്.
വെള്ളിത്തിരയില്‍ പ്രേംനസീര്‍. പിന്നണിയില്‍ വയലാര്‍-ദേവരാജന്‍-യേശുദാസ്. അറുപതുകളില്‍ മലയാളം സിനിമയുടെ സൂത്രവാക്യം ഇങ്ങനെയായിരുന്നു. 1962ല്‍ ഭാഗ്യജാതകത്തിനു വേണ്ടി പി.ലീലയ്ക്കൊപ്പം യേശുദാസ് പാടിയ ‘ആദ്യത്തെ കണ്മണി’എന്ന ഗാനം ശ്രദ്ധേയമായി. പിന്നണിയില്‍ ബാബുരാജ്-ഭാസ്കരന് ടീമായിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ പി.ഭാസ്കരന്-ബാബുരാജ് ടീമിന്റെ വലിയ ഹിറ്റുകളിലൊന്നായ ഭാര്‍ഗവിനിലയത്തിലെ ‘താമസമെന്തേ വരുവാന്‍’ യേശുദാസിനെ ഗായകനെന്ന നിലയില്‍ പ്രശസ്തനാക്കി. അതേ വര്‍ഷം തന്നെയാണ് പഴശിരാജയില്‍ ആര്.കെ.ശേഖറിനു വേണ്ടി ‘ചൊട്ട മുതല്‍ ചുടല വരെ’ അദ്ദേഹം പാടിയത്.
മുപ്പത്തിമൂവായിരത്തോളം പാട്ടുകള്‍ പാടിയ യേശുദാസിന്റെ ശബ്ദം കൂടുതലും പ്രേംനസീറിനു വേണ്ടിയായിരുന്നു ഉപയോഗിച്ചത്. പിന്നണിയില്‍ ദാസ് പാടുമ്പോള്‍ വെള്ളിത്തിരയില്‍ നസീര്‍ ചുണ്ടനക്കി അഭിനയിക്കും. നസീറിന്റെ ചുണ്ടനക്കം കാണുമ്പോള്‍ പാട്ടുപാടുന്നത് മറ്റൊരാളാണെന്ന് മനസ്സിലാകുകയേ ഇല്ല. നസീറിന്റെ അഭിനയവും ആകാരസൗന്ദര്യവും യേശുദാസിന്റെ ശബ്ദവുമായി പ്രത്യേകമായൊരു ചേര്‍ച്ചയുണ്ടായിരുന്നു. പ്രേംനസീറിന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ വന്നു നിന്ന് ‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി….’എന്ന് യേശുദാസ് പാടിയപ്പോള്‍, മലയാളിയറിഞ്ഞത് ഒരു ഗായകനും നടനും തമ്മിലുള്ള ആത്മബന്ധമാണ്. ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, എം.കെ.അര്ജുനന്, ദേവരാജന്‍ എന്നിവരെല്ലാം ഗന്ധര്‍വ്വ സ്വരത്തിന് നല്ല ഈണങ്ങള്‍ ചാര്‍ത്തി മലയാളിക്ക് സമ്മാനിച്ചു. ദക്ഷിണാമൂര്‍ത്തി മുതല്‍ ഇങ്ങേത്തലയ്ക്കല്‍ എം.ജയചന്ദ്രന് വരെ പാട്ടിന്റെ പാലാഴിയില്‍ മധുരം ചേര്‍ത്തവരാണ്.
ഇടയ്ക്ക് നടനായും സംഗീത സംവിധായകനായും അദ്ദേഹം വേഷമിട്ടു. പന്ത്രണ്ട് സിനിമകളില്‍ അഭിനയിച്ചു. എത്ര ശ്രമിച്ചാലും യേശുദാസെന്ന ഗായകന്റെ ഏഴയലത്ത് എത്തില്ല, യേശുദാസെന്ന നടന് എന്ന് പറയുന്നത് ഏറെ ശരിയാണ്. എന്നാല്‍ ‘കായംകുളം കൊച്ചുണ്ണി’യിലെ (പഴയ കായംകുളം കൊച്ചുണ്ണി) സുറുമ വില്‍പ്പനക്കാരനെ ആര്‍ക്കുമറക്കാനാകും. ‘സുറുമ നല്ല സുറുമ…’ എന്ന പാട്ടുപാടി താളബോധത്തോടെ, കണ്ണിറുക്കി ചുവടുവയ്ക്കുന്ന യേശുദാസിനെ മറക്കാനാകില്ല. അഭിനയിച്ച സിനിമകളില്‍ പലതിലും യേശുദാസായിട്ടുതന്നെയായിരുന്നു നടനം.
വീണവിദ്വാന്‍ എസ്.ബാലചന്ദര്‍ സംവിധാനം ചെയ്ത ബൊമ്മെ(1964) എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. ‘കാതലിക്ക നേരമില്ലൈ’ എന്ന ചിത്രത്തില്‍ സുശീലയോടൊപ്പം പാടിയ ‘എന്ന പാര്‍വൈ…’ എന്ന ഗാനമാണ് തമിഴില്‍ ശ്രദ്ധനേടിക്കൊടുത്തത്. 1974ല്‍ ‘ഉരിമൈക്കുരള്’ എന്ന എം.ജി.ആര് ചിത്രത്തിനുവേണ്ടി പാടിയ ‘വിഴിയെ കഥയെഴുത്…’ എന്ന ഗാനവും ഹിറ്റായി. പിന്നീട് നിരവധി പാട്ടുകള്‍ തമിഴില്‍ യേദാസിന്റെ ശബ്ദത്തില്‍ പുറത്തുവന്നു. ഇളയരാജയുമൊത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. മുഹമ്മദ് റഫി, കിഷോര്‍കുമാര്‍, മുകേഷ്, മന്നാഡെ തുടങ്ങിയവര്‍ അരങ്ങ് അടക്കി വാഴുന്ന കാലത്താണ് യേശുദാസ് ഹിന്ദിയില്‍ പാടാനെത്തുന്നത്. ദക്ഷിണേന്ത്യക്കാരന്റെ ഹിന്ദി എങ്ങനെയുണ്ടാകുമെന്ന് നെറ്റി ചുളിച്ചവരുടെയിടയില് എന്നും ഓര്‍ക്കുന്ന നല്ല പാട്ടുകളുമായി ഒരുപതിറ്റാണ്ടോളം യേശുദാസ് വെന്നിക്കൊടി പാറിച്ചു. ചിത്ചോറിലെ പാട്ടിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും നേടി. 1972ല്‍ ബസുഭട്ടാചാര്യയുടെ ‘ആനന്ദ്മഹല്‍’ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് യേശുദാസിന് ഏറെ ജനപ്രീതി നേടിക്കൊടുത്തത്. ‘നിസഗമപനീ സരിഗാ ആ ആരേ മിത്വാ…’ ഗാനം പ്രശസ്തമായി.
കേരളം അദ്ദേഹത്തെ 25 പ്രാവശ്യം പുരസ്കാരം നല്കി ആദരിച്ചു. ആന്ധ്രാ സര്‍ക്കാരിന്റെ പുരസ്കാരം നാല് തവണയും തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം അഞ്ചു തവണയും ലഭിച്ചു. പശ്ചിമബംഗാളിന്റെയടക്കം നിരവധി സംസ്ഥാനങ്ങള്‍ പുരസ്കാരം നല്കി ആദരിച്ചു. രാജ്യം പദ്മശ്രീയും പദ്മവിഭൂഷണും നല്കി. യേശുദാസില്ലാതെ മലയാളിയില്ല, മലയാളമില്ല. ഒരു ദിവസം ഒരുനേരമെങ്കിലും അദ്ദേഹത്തെ ഓര്‍ത്തുപോകുന്നു, ഒരു മൂളിപ്പാട്ടായി യേശുദാസ് നമ്മുടെ ചുണ്ടിലേക്കും അതുവഴി മനസ്സിലേക്കും കയറിക്കൂടുന്നു. മലയാളിക്ക് എത്ര കേട്ടാലും മതിയാകില്ല, ഗാനഗന്ധര്‍വ്വന്റെ സ്വരം. അത്രയ്ക്ക് ഇഴുകി ചേര്‍ന്നിരിക്കുന്നു യേശുദാസെന്ന ഗായകന് നമ്മുടെ ജീവിതവുമായി. എണ്‍പതും കടന്ന് ആ യാത്ര തുടരും, മലയാളിയുള്ളിടത്തോളം കാലം. സംഗീതാസ്വാദകരുടെ ജീവിതത്തില്‍ ആ ശബ്ദം ചന്ദനലേപ സുഗന്ധം നിറയ്ക്കുന്നു.
കവിവാക്യം ഇങ്ങനെ…:
”സ്വര്‍ഗ്ഗസുന്ദര ഗാനസൗരഭ
സ്വര്ഗ്ഗമേകിയ സൗമ്യതേ…
ശുദ്ധമാം ശ്രുതിയാലപിക്കുന്ന
ശബ്ദസാഗരമാണു നീ!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: