തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിത വിഭാഗം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ആശുപത്രി അധികൃതര്‍ക്കും നിര്‍മ്മാണ കമ്പനികള്‍ക്കും നിര്‍ദേശം നല്കി. അത്യാഹിത വിഭാഗത്തിന്റെ 90 ശതമാനത്തോളം നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അത്യാഹിത വിഭാഗത്തിന് മുന്‍വശത്തുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടൊപ്പം തന്നെ പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കും. പുതിയ അത്യാഹിത വിഭാഗം സാക്ഷാത്ക്കരിക്കുന്നതോടെ മെഡിക്കല്‍ കോളേജ് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് വലിയൊരളവുവരെ പരിഹാരമാകുന്നതാണ്. ഇതോടൊപ്പം അത്യാഹിത വിഭാഗത്തിലെത്താനുള്ള ഗതാഗത പ്രശ്നങ്ങളും ഒഴിവാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
എയിംസ് മാതൃകയില്‍ അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ ട്രോമ കെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന് വിഭാഗവും ഉള്‍പ്പെടയാണ് അത്യാഹിത വിഭാഗം പ്രവര്‍ത്തനസജ്ജമാകുക. ഏകദേശം 10 കോടിയോളം രൂപ മുടക്കിയാണ് അത്യാഹിത വിഭാഗം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൂടാതെ സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി 11.27 കോടി രൂപയും അനുവദിച്ചിരുന്നു.
മെഡിക്കല്‍ കോളേജിന്റെ പ്രധാന പ്രവേശന കവാടത്തിന് സമീപം മെയിന്‍ റോഡിനോട് ചേര്‍ന്നാണ് പുതിയ അത്യാഹിത വിഭാഗം സജ്ജമാക്കിവരുന്നത്. രണ്ട് നിലകളിലായാണ് ഈ സംവിധാനം ഒരുക്കുന്നത്. എക്സ്റേ, അള്‍ട്രാ സൗണ്ട് സ്കാന്‍, സി.ടി. സ്കാന്‍, എം.ആര്.ഐ. സ്കാന്‍ തുടങ്ങിയ അടിയന്തിര പരിശോധനകളെല്ലാംതന്നെ ഈ ബ്ലോക്കിലെ തറനിരപ്പിന് താഴെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. തറനിരപ്പില്‍ റിസപ്ഷന്, ട്രയേജ്, വിവിധ അത്യാഹിത വിഭാഗങ്ങള്‍, സര്‍ജിക്കല്‍ ഐ.സി.യു., മെഡിക്കല്‍ ഐ.സി.യു., ഓപ്പറേഷന് തീയറ്ററുകള്‍, പ്രീ ഓപ്പറേഷന്-പോസ്റ്റ് ഓപ്പറേഷന് മുറികള്‍, 80 കിടക്കകളുള്ള ഒബ്സര്‍വേഷന്‍ റൂം എന്നിവയാണ് സജ്ജമാക്കി വരുന്നത്.
ട്രോമ കെയറിന് വളരെയേറെ പ്രാധാന്യം നല്‍കിയാണ് പുതിയ അത്യാഹിത വിഭാഗം ഒരുക്കുന്നത്. നിലവിലെ മൂന്ന് ഓപ്പറേഷന് തീയറ്ററുകള്‍ക്ക് പകരം പുതിയ അത്യാഹിത വിഭാഗത്തില്‍ എട്ട് ഓപ്പറേഷന് തീയറ്ററുകള്‍ ഉണ്ടാകും. വിവിധ സെപ്ഷ്യാലിറ്റികളായ സര്‍ജറി, ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക്സ് എന്നിവയ്ക്കും സെപ്റ്റിക് ഓപ്പറേഷന് തീയറ്റര്‍, സര്‍ജറി പ്രൊസീജിയര്‍ റൂം, ഓര്‍ത്തോ പ്രൊസീജിയര്‍ റൂം എന്നിങ്ങനെയാണ് ഓപ്പറേഷന് തീയറ്ററുകള്‍ ക്രമീരിച്ചിരിക്കുന്നത്.
717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ഇതിന്റെ ആദ്യഘട്ടമായി അനുവദിച്ച 58 കോടി രൂപയില്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയായി നിലവിലെ അത്യാഹിത വിഭാഗം വഴിയുള്ള സമാന്തര റോഡ് വഴി പുറത്ത് പോകാവുന്നതാണ്. ആമ്പുലന്‍സുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനായി നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമായി പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുന്നതാണ്.
എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലെവല്‍ 2 സംവിധാനമുള്ള ട്രോമ കെയര്‍ സംവിധാനമാണ് ഒരുക്കുന്നത്. ഒരു രോഗി എത്തുമ്പോള്‍ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് വിവിധ മേഖലയിലേക്ക് തിരിച്ചു വിടുന്നു. ചുവന്ന മേഖല, മഞ്ഞ മേഖല, പച്ച മേഖല എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് അത്യാഹിത വിഭാഗ ചികിത്സ ക്രമീകരിക്കപ്പെടുന്നത്. അതീവ തീവ്ര പരിചരണം ആവശ്യമുള്ള മേഖലയാണ് ചുവന്ന മേഖല. അത്ര ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കുന്ന മേഖലയാണ് മഞ്ഞ മേഖല. സാരമായ പ്രശ്നങ്ങളില്ലാത്ത രോഗികളെ പരിശോധിക്കുന്നതാണ് പച്ച മേഖല. പുതിയ അത്യാഹിത വിഭാഗത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍ക്കുള്ള ജീവന് രക്ഷാ പരിശീലനങ്ങളും പൂര്‍ത്തിയായി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: