ന്യൂദല്‍ഹി: സംഘര്‍ഷാവസ്ഥയില്‍ ജെഎന്‍യു സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയ ബോളീവുഡ് താരം ദീപിക പദുകോണിനു പിന്തുണയുമായി പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിനാണ് ദീപികയെ പിന്തുണച്ച് ആസിഫ് ഗഫൂര്‍ ട്വീറ്റുമായി രംഗത്തെത്തിയത്. ദീപിക ഒരേസമയം സത്യത്തിനും യുവത്വത്തിനുമൊപ്പം നില്‍ക്കുന്നുവെന്നും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് എങ്ങനെ ആദരവ് പിടിച്ചുപറ്റാമെന്ന് ദീപിക തെളിയിച്ചതായും ഗഫൂര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ പദുകോണ്‍ എന്നെഴുതിയതില്‍ അക്ഷരപിശക് വന്നതോടെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങി ആസിഫ് ഗഫൂര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ആസിഫ് ഗഫൂറിനെ പരിഹസിച്ചുകൊണ്ട് പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകയായ നൈല ഇനായത്താണ് ആദ്യം രംഗത്തെത്തിയത്. ട്വീറ്റ് ഡിലീറ്റ് ചെയ്ത് എന്നെ കീഴടങ്ങാന്‍ അനുവദിക്കൂ എന്നാണ് നൈല ഗഫൂറിനെ പരിഹസിച്ചത്. അക്ഷരത്തെറ്റു വരുത്തിയ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് നൈല ഇനായത്ത് ആസിഫ് ഗഫൂറിനെ വിമര്‍ശിച്ചത്.

















