ടെഹ്‌റാൻ: യുദ്ധകാഹളം മുഴക്കി ഇറാൻ രംഗത്തെത്തിയതോടെ ലോകരാജ്യങ്ങൾ ആശങ്കയിൽ. ഇർബിലിലും അൽ അസദിലും നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായി അമേരിക്ക തങ്ങളെ ആക്രമിക്കുകയാണെങ്കിൽ ദുബായിയേയും ഇസ്രായേലിനെയും ആക്രമിക്കുമെന്ന ഇറാൻ റവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പും ലോക രാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
അമേരിക്കയുടെ എല്ലാ സഖ്യരാജ്യങ്ങളേയും ഞങ്ങള്‍ താക്കീത് ചെയ്യുകയാണ്. തീവ്രവാദിക്കൂട്ടമായ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാൻ തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കുന്ന അമേരിക്കൻ സഖ്യരാജ്യങ്ങൾ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണിൽ നിന്നുമുണ്ടായാൽ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കിൽ യുഎഇയിലെ ദുബായിലും ഇസ്രായേലിലെ ഹൈഫയിലും ഞങ്ങൾ ബോംബിടും – ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ഇറാഖിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ഇന്ത്യാക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. ഇറാഖ്-ഇറാൻ വ്യാമപാത ഉപയോഗിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് അമേരിക്കയുടെ യാത്രാവിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇറാഖിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ രണ്ട് സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതോടെ ഏത് തരത്തിലുള്ള തിരിച്ചടിയാണ് അമേരിക്ക നൽകുന്നതെന്ന് പ്രവചനാതീതം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ആദ്യം വാർത്ത വന്നെങ്കിലും പിന്നീട് അദ്ദേഹം പ്രതികരണം ട്വിറ്ററിൽ ഒതുക്കി. ഇറാൻ വിഷയത്തിൽ നാളെ ഔദ്യോഗിക പ്രതികരണമുണ്ടാവുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടന്റെ രണ്ട് യുദ്ധക്കപ്പലുകൾ തുടർനിർദേശം കാത്ത് മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: