ബെംഗളൂരു: സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ രാജ്യത്ത് നടത്തുന്ന പണിമുടക്ക് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഐടി സ്ഥാപനം. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഉള്‍പ്പെടെ സമരക്കാര്‍ കയറി പ്രതിഷേധം നടത്തിയപ്പോഴാണ് പിണറായിയുടെ മകള്‍ സ്ഥാപനം തുറന്നത്.
പിണറായി വിജയന്റെ മകള്‍ വീണ.ടി മാനേജിംഗ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ന് പണിമുടക്കാതെ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നത്. കമ്പനിയുടെ ഗംഗാനഗറിലെ ഓഫീസ് ഇന്ന് രാവിലെ ഒന്‍പത് മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. കമ്പനിയുടെ വെബ്സൈറ്റില്‍ രാവിലെ ഒന്‍പതിന് കമ്പനി തുറന്നതായും ആറിന് അടയ്ക്കുമെന്നും കാണിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ ഐടിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത് അനുഭാവികള്‍ ഇന്ന് പണിമുടക്കുന്നുണ്ട്. സിപിഎം നേതാക്കളുടെ ആഹ്വാനം അനുസരിച്ചായിരുന്നു ഇവര്‍ പണിമുടക്കി ഫ്രീഡം പാര്‍ക്കിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ പ്രതിഷേധ പരിപാടികളില്‍ ഒന്നും തന്നെ പിണറായി വിജയന്റെ മകളോ, ആ സ്ഥാപനത്തിലെ ഏതെങ്കിലും ജീവനക്കാരോ പങ്കെടുത്തിട്ടില്ല. കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങളും കമ്പനികളും നിര്‍ബന്ധിച്ച് അടപ്പിക്കുകയും തിരുവല്ലയില്‍ ബാങ്ക് ഉദ്യോഗസ്ഥരെ പണിമുടക്ക് അനുകൂലികള്‍ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ഇടയില്‍ പിണറായിയുടെ മകള്‍ സ്വന്തം സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത് ഇരട്ടത്താപ്പാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: