കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തോടെ എംജി സര്‍വകലാശാലയുടെ ഭരണത്തില്‍ ഇടത് സിന്‍ഡിക്കേറ്റിനുണ്ടായിരുന്ന അമിത സ്വാധീനം നഷ്ടപ്പെടുന്നു. സിന്‍ഡിക്കേറ്റിന്റെ നിയന്ത്രണത്തില്‍ നിന്ന് സര്‍വകലാശാലാ ഭരണം വൈസ് ചാന്‍സലറുടെ കൈയിലെത്തുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. പരീക്ഷാ
ബോര്‍ഡ് ചെയര്‍മാനെ സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി അടക്കം മുമ്പെടുത്ത വിവാദമായ പല തീരുമാനങ്ങളും പുനപ്പരിശോധിച്ചേക്കുമെന്നാണ് സൂചന. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ രണ്ട് ജീവനക്കാരുടെ നടപടി പിന്‍വലിക്കുന്നതും പരിഗണനയിലാണ്. സര്‍വകലാശാല ഭരണത്തില്‍ സ്വതന്ത്രമായും നീതിയുക്തമായും തീരുമാനങ്ങളെടുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ഇനി കഴിയുമെന്നാണ് അക്കാദമിക് സമൂഹം പറയുന്നത്.
മാര്‍ക്ക് ദാനത്തിലൂടെ നേട്ടമുണ്ടാക്കിയ വിദ്യാര്‍ഥികളുടെ എണ്ണമെടുത്തപ്പോഴുണ്ടായ പിഴവിന്റെ പേരിലാണ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. ഇത് വൈസ് ചാന്‍സലറെ നേരിട്ട് ബോധ്യപ്പെടുത്തിയതോടെയാണ് സസ്പെന്ഷന് പിന്‍വലിക്കാന്‍ വഴിയൊരുങ്ങിയത്. ക്ലറിക്കല്‍ പിഴവിന്റെ പേരിലുള്ള സസ്പെന്ഷന് മാര്‍ക്ക് ദാനത്തില്‍ നിന്ന് കൈകഴുകാനുള്ള സിന്‍ഡിക്കേറ്റിന്റെ അടവായാണ് വിലയിരുത്തിയത്. പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ നീക്കം ചെയ്തപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുകയോ വിശദീകരണം തേടുകയോ ചെയ്തില്ല. ആറ് സ്വാശ്രയ കോളേജുകളില്‍ എംകോം വൈവ നടത്താന്‍ തന്നെയും താന്‍ നിര്‍ദേശിച്ചയാളെയും നിയോഗിക്കണമെന്ന സിപിഎം അധ്യാപക സംഘടനാ നേതാവിന്റെ ആവശ്യം പരീക്ഷാ ബോര്‍ഡ് ചെയര്മാന് തള്ളിയതോടെയാണ് സിന്‍ഡിക്കേറ്റിന്റെ കണ്ണിലെ കരടായത്.
അതേസമയം ഫലം പ്രസിദ്ധീകരിച്ച പരീക്ഷയ്ക്ക് വീണ്ടും മോഡറേഷന് നല്കാന് തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് നടപടി എല്ലാ സര്‍വകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയായിരുന്നു. ഈ നടപടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തള്ളിപ്പറഞ്ഞതും ഈ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്കിയതും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും മാര്‍ക്ക് ദാനത്തെ തള്ളിയിരുന്നു.
സര്‍വകലാശാലയുടെ ഭരണത്തില്‍ ആര് സമ്മര്‍ദ്ദം ചെലുത്തിയാലും നിയമവും ചട്ടവും ലംഘിക്കരുതെന്ന ഗവര്‍ണറുടെ മുന്നറിയിപ്പ് ഇടത് സിന്‍ഡിക്കേറ്റിന് കനത്ത പ്രഹരമായിരുന്നു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍വകലാശാലകളുടെ ഭരണത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകടത്തുന്നതും അവസാനിക്കുമെന്നാണ് അക്കാദമിക് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സര്‍വകലാശാലകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണറുടെ സന്ദര്‍ശനത്തോടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വൈസ് ചാന്‍സലര്‍മാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകരുതെന്ന സന്ദേശവും ഗവര്‍ണറുടെ സന്ദര്‍ശനത്തിലൂടെ നല്കി. ഗവര്‍ണറുടെ സന്ദര്‍ശനത്തെയും അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചും സിന്‍ഡിക്കേറ്റിലെ ഒരംഗവും പ്രതികരിച്ചിട്ടില്ല.
എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് സിന്‍ഡിക്കേറ്റംഗം തന്നെ ചോദിച്ച് വാങ്ങിയ സംഭവത്തില്‍ നടപടിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മൂല്യനിര്‍ണയത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിച്ച ഈ സംഭവത്തില്‍ സിന്ഡിക്കേറ്റംഗത്തില് നിന്ന് വിശദീകരണം പോലും ഇതുവരെ ചോദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: