ടെഹ്‌റാൻ: അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതു സംബന്ധിച്ച ബില്ല് ഇറാൻ പാർലമെന്റ് പാസാക്കി. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ കാസ്സിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് നടപടി.
കാസ്സിം സൊലൈമാനിയെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാനില്‍ നിന്ന് വെള്ളിയാഴ്ച ഇറാഖിലെത്തിയ ശേഷം ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് വാഹനത്തില്‍ സഞ്ചരിക്കവേയാണ് ആക്രമണം. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രധാന വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനാണ് കൊല്ലപ്പെട്ട ഖാസിം സുലൈമാനി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തിരുന്നു.
ബഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യു.എസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നില്‍ ഇറാനാണെന്ന് ട്രംപ് ആരോപിച്ചതിന് പിറകെയാണ് ആക്രമണം. ആക്രമണം നടന്നതിനുശേഷം വെള്ളിയാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍, ലോകം കൂടുതല്‍ സുരക്ഷിതമായെന്നും, കാസ്സിം സൊലൈമാനി കൊല്ലപ്പെട്ടത് ഈ മേഖലയിലെ അമേരിക്കക്കാര്‍ കൂടുതല്‍ സുരക്ഷിതരായെന്നും പ്രസ്താവിച്ചു.
എന്നാൽ ഒബാമയുടെ സ്പെഷ്യല്‍ അസിസ്റ്റന്‍റായും മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ഗള്‍ഫ് റീജിയന്‍ എന്നിവയുടെ വൈറ്റ് ഹൗസിലെ കോഓര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ച റോബെര്‍ട്ട് മാലി ഈ വിലയിരുത്തലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ‘തീര്‍ച്ചയായും അമേരിക്കക്കാര്‍ സുരക്ഷിതരല്ല, കാസ്സിം സൊലൈമാനി കൊല്ലപ്പെടുന്നതിന് മുമ്പുള്ളതിനേക്കാള്‍ അരക്ഷിതാവസ്ഥ കൂടുതലായി,’ അദ്ദേഹം പറഞ്ഞു.
















