ടെഹ്റാന്: ആണവ ഉടമ്പടികള്‍ ഇനി മുതല്‍ അനുസരിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി ഇറാന്. തങ്ങളുടെ മണ്ണില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായി ഒഴിഞ്ഞു പോകണമെന്ന് ഇറാഖ് പാര്‍ലമെന്റും ആവശ്യപ്പെട്ടു.
ഇതോടെ ഇറാനിയന്‍ ക്വദ്സ് സേനാ മേധാവി ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ അമേരിക്ക വധിച്ചതിനെത്തുടര്ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത യുദ്ധസമാന അന്തരീക്ഷം കൂടുതല്‍ വഷളായി. സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് ഇറാന് 575 കോടി രൂപ (എട്ടു കോടി ഡോളര്‍) ഇനാം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. സുലൈമാനിയുടെ സംസ്കാരച്ചടങ്ങിനിടെ ഇറാന് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ട്രംപിന്റെ തല കൊണ്ടുവരുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. യുറേനിയം സംഭരണം, ഗവേഷണം, ഇന്ധന സമ്പുഷ്ടീകരണം എന്നിവയ്ക്കുമേല്‍ ആണവ കരാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇനി തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി വ്യക്തമാക്കി.
ഇറാഖിലെ വിദേശ സൈന്യത്തിന്റെ സാന്നിധ്യം അവസാനിപ്പിക്കാന്‍ അവതരിപ്പിച്ച പ്രമേയം ഇറാഖ് പാര്‍ലമെന്റ് വോട്ടിനിട്ട് അംഗീകരിച്ചു. ഇതോടെ ഇസ്ലാമിക് സ്റ്റേറ്റിനെ ചെറുക്കാന്‍ ഇറാഖില്‍ വിന്യസിച്ചിട്ടുള്ള 5200 അമേരിക്കന്‍ സൈനികര്‍ തിരികെ പോകേണ്ടി വരും. എന്നാല്‍, അമേരിക്കന്‍ സൈന്യത്തെ പുറത്താക്കിയാല്‍ ഇതുവരെയില്ലാത്തത്ര തുക നഷ്ടപരിഹാരം ആവശ്യപ്പെടുകയോ ഇറാഖിനു മേല്‍ ഉപരോധം തീര്‍ക്കുകയോ ചെയ്യുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. 2015ലെ കരാര്‍ അനുസരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ഇറാന്, ആണവ ബോംബ് നിര്‍മിക്കാനും സൈന്യം പിന്‍വാങ്ങുന്നതോടെ ഇറാഖ് മണ്ണില്‍ ഇസ്ലാമിക് സ്റ്റേറ്റിന് തിരിച്ചുവരവ് നടത്താന്‍ കൂടുതല്‍ സഹായങ്ങള്‍ ചെയ്യാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
രാഷ്ട്രങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെ നാലാം ദിവസവും അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഇന്ധന വില കുതിച്ചുയര്‍ന്നു. കൂടുതലും ഇറക്കുമതി എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യയിലെ വിലയിലും ഇത് പ്രതിഫലിച്ചു. രാജ്യതലസ്ഥാനത്ത് പെട്രോളിന് 75.54 രൂപയെത്തി. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 68.51 രൂപയാണ് ഡീസല്‍ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: