കൊച്ചി: സംരക്ഷിതവനത്തിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് വിഡിയോ വ്‌ലോഗര്‍ സുജിത് ഭക്തനെതിരെ വനംവകുപ്പ് കേസെടുത്തു. അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുപ്രകാരമാണ് കേസ്. നേര്യമംഗലം റേഞ്ചിലും, പൂയംകുട്ടി റേഞ്ചിലും കയറി വിഡിയോ ചിത്രീകരിച്ചതിനും, പ്രചരിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് അനുമതിയില്ലാത്ത ക്ണാച്ചേരി അമ്പലത്തിന്റെ ഭാഗത്തേക്ക് ജീപ്പില്‍ പോകുന്നതും, പാറപ്പുറത്ത് സാഹസികമായി ജീപ്പ് കയറ്റുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഈ വര്‍ഷം ജനുവരി മൂന്നിന് സുജിത് ഭക്തന്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അപ്ലോഡ് ചെയ്ത വിഡിയോ ആണിത്. വനത്തിനുള്ളില്‍ വീഡിയോ ചിത്രീകരിക്കണമെങ്കില്‍ ഡി.എഫ്.ഒയുടെ അനുമതി വാങ്ങുകയും വേണം. സംഘം ഈ അനുമതിയും വാങ്ങിയിരുന്നില്ല. കുട്ടമ്പുഴയുള്ള വി.കെ.ജെ ഇന്റര്‍നാഷണല്‍ എന്ന ഹോട്ടലുമായി ചേര്‍ന്നാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. അനുമതിയില്ലാതെ സംരക്ഷിതവനത്തിനുള്ളില്‍ പ്രവേശിക്കുന്നത് കേരള വനനിയമത്തിലെ ഇരുപത്തിയേഴാം വകുപ്പുപ്രകാരം അഞ്ചുവര്‍ഷം തടവും, പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
















