ബെംഗളൂരു: തന്നെ ഒരുവര്‍ഷമായി മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്നും താനും കുടുംബവും ഇസ്ലാമിലേക്ക് മതംമാറിയില്ലെങ്കില്‍ പീഡനദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും 18 വയസ്സുള്ള മലയാളി യുവതിയുടെ പരാതി. കാസര്‍കോട് സ്വദേശിയാണ് പരാതിയുമായി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ സമീപിച്ചത്. രണ്ട് ബാഗളൂര്‍ സ്വദേശികള്‍ക്കും ഒരു മലയാളിക്കും എതിരെയാണ് യുവതിയുടെ പരാതി.
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയും ആ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി മതംമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു. ഹിന്ദുവായ യുവതിയുടെ സഹോദരനോടും സഹോദരിയോടും മതംമാറാനും ഇല്ലാത്തപക്ഷം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ വെച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. പരാതിയുമായി യുവതി ഉടുപ്പി-ചിക്കമഗളൂരു എംപി ശോഭാ കരന്തലജെയെ സാമീപിക്കുകയും എംപി മുഖേന കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്ക് പരാതി നല്‍കുകയുമായിരുന്നു. പരാതികേട്ട കര്‍ണാടക മുഖ്യമന്ത്രി ബെംഗളൂരു പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവുവിനെ നിയമ നടപടികള്‍ക്കായി നിയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ പരപ്പന അഗ്രഹാര സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബെംഗളൂരു ക്രൈം വിഭാഗം ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലിനാണ് അന്വേഷണ ചുമതല.
സംഭവത്തില്‍ ബെംഗളൂരു സ്വദേശി അന്‍സാര്‍ എന്നയാളും പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി ടി.കെ റിഷാദ് എന്നയാളെയും അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. കേരള പോലീസാണ് റിഷാദിനെ കാസര്‍കോട് നിന്നും അറസ്റ്റ് ചെയ്തിര്ക്കുന്നത്. റിഷാദിനെ അറസ്റ്റ് ചെയ്യണമെന്ന് കര്‍ണാടക ബിജെപി നേതാവും ലോകസഭാ എംപിയുമായ ശോഭാ കരന്തലജെ കണ്ണൂര്‍ റേഞ്ച് ഐജിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക- കേരള അതിര്‍ത്തിയില്‍ മലയാളി പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ കുടുക്കി പീഡിപ്പിച്ച് മതം മാറ്റുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ശോഭാ കരന്തലജെ പ്രതികരിച്ചു.
















