തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനെങ്കിലും പ്രക്ഷോഭകാരികള്‍ ദേശീയ പതാകയേന്തിയുള്ള സമരങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ ഖാദി ഷോപ്പുകളില്‍ ത്രിവര്‍ണ പതാകകള്‍ക്ക് ക്ഷാമം. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഉണ്ടായിരുന്ന സ്റ്റോക്കുകള്‍ കൂടി തീര്‍ന്നിരിക്കുകയാണ്.
സംസ്ഥാനത്തെ മിക്ക ഖാദി സ്ഥാപനങ്ങളിലും പതാകയുടെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നിരിക്കുകയാണ്. രണ്ട് വര്‍ഷത്തോളമായി സംസ്ഥാന ഖാദി ബോര്‍ഡിന്റെ കീഴിലുള്ള ഖാദി വില്‍പ്പന കേന്ദ്രങ്ങളില്‍ ദേശീയ പതാക എത്തിയിട്ട്. ഇതും ദേശീയപതാക കിട്ടാകനിയാകാന് കാരണമായി.
ഇന്ത്യന്‍ പതാക നിയമം നിഷ്കര്‍ഷിക്കുന്ന മാതൃകയിലുള്ള പതാക മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന നിലനില്‍ക്കെ സമരക്കാരിലേക്ക് കൂടുതലായി എത്തുന്നത് തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയിലെ തിരുപ്പതിയില്‍ നിന്നുമുള്ള പതാകകളാണ്. ഖാദിയില്‍ മാത്രം ഉപയോഗിച്ചുള്ളതാകണം ദേശീയപതാക എന്നിരിക്കേ സാധാരണ തുണികൊണ്ട് നിര്‍മ്മിച്ചവയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നവയില്‍ കൂടുതലും. ഖാദികൊണ്ടുള്ള പതാകകള്‍ സാധരണ വില കൂടുതല്‍ ആയതിനാലാണ് തുണികൊണ്ടുള്ളവയുടെ ഉപയോഗം കൂടാനുള്ള കാരണം. എന്നാല്‍ പതാകകള്‍ കിട്ടാതായതോടുകൂടി ഖാദി ഷോപ്പുകളിലും ദേശീയ പതാകക്ക് ക്ഷാമം നേരിടുകയാണ്. കൂടുതല്‍ പതാകകള്‍ എത്തിക്കാന്‍ ഖാദിബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ് സ്റ്റോര്‍ ജീവനക്കാര്‍.
ത്രിവര്‍ണ പതാകയിലെ വെള്ളനിറമുള്ള മധ്യഭാഗത്ത് വീതിയുടെ മുക്കാല്‍ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആയിരിക്കണമെന്നും ഖാദി കൊണ്ടുള്ള പതാക മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് 2002ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പതാക നിയമം അനുശാസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: