ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ലാഹോറിലുള്ള നാങ്കണ സാഹിബ് ഗുരുദ്വാര മുസ്ലിം സംഘടനകള്‍ തകര്‍ത്തത് രാജ്യത്ത് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂദല്‍ഹിയില്‍ ബൂത്ത് കാര്യകര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ, ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര, എംപി രാഹുല്‍, ദല്‍ഹി മുഖ്യമന്ത്രിയും ആപ് നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ എന്നിവരെല്ലാം പൗരത്വ നിയമ ഭേദഗതിക്കെതിരാണ്. ഇവരെല്ലാം പാക്കിസ്ഥാനില്‍ ഗുരുദ്വാരയ്‌ക്ക് നേരെയുണ്ടായ ആക്രമണം കാണണം. രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയാണത്, അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണക്കുന്നതിലൂടെ രാഹുലും പ്രിയങ്കയും കലാപത്തിന് പ്രേരണ നല്‍കുകയാണ്. പുതിയ നിയമപ്രകാരം രാജ്യെത്ത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന രീതിയില്‍ തെറ്റിദ്ധാരണകള്‍ പരത്തുകയാണ് ഇവര്‍. പാവപ്പെട്ടവര്‍ക്കുമേലുള്ള ആക്രമണമാണിതെന്ന് രാഹുലും പൗരത്വ നിയമം നിയമ വിരുദ്ധമാണെന്ന് പ്രിയങ്കയും പ്രചരിപ്പിക്കുകയാണ്. പുതിയ നിയമം ആരുടെയും പൗരത്വം നഷ്ടപ്പെടുത്തില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലേക്ക് നോക്കൂ, എങ്ങനെയാണ് ഗുരുദ്വാര ആക്രമിക്കപ്പെട്ടതെന്ന്. നമ്മുടെ സിഖ് സഹോദരങ്ങള്‍ ഇന്ത്യയിലേക്കല്ലാതെ മറ്റെവിടേക്ക് പോകും. 1984ലെ സിഖ് കലാപത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
















