കോട്ടയം: സിപിഎം ഭരിക്കുന്ന വൈക്കം 785-ാം നമ്പര്‍ വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി 43,96,25,752 കോടി രൂപയുടേതെന്ന് കണ്ടെത്തിയ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ടും പുറത്ത്. അഴിമതി നടത്തിയ സിപിഎം, എന്‍സിപി നേതാക്കളും ജീവനക്കാരും ഉള്‍പ്പെടെ 29 പേരില്‍ നിന്ന് നഷ്ടപ്പെട്ട തുക ഈടാക്കാനും കമ്മീഷന് ശുപാര്‍ശ ചെയ്തു.
നേരത്തെ സഹകരണ നിയമം 65-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തില്‍ 39.47 കോടിയാണ് അഴിമതിയെന്ന് കണ്ടെത്തിയിരുന്നു. ഭരണസമിതിയുടെയും ജീവനക്കാരുടെയും അഴിമതിയില്‍ ബാങ്കിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തുന്നതിനും നഷ്ടത്തിന് ഉത്തരവാദികളായവരില്‍ നിന്ന് തുക ഈടാക്കുന്നതിനുമാണ് രണ്ടാമത്തെ അന്വേഷണം നടത്തിയത്. സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ സജില്‍ കുര്യാക്കോസ് നടത്തിയ 68(1) ചട്ടപ്രകാരമുള്ള ഈ അന്വേഷണത്തിലാണ് കൂടുതല്‍ തുകയുടെ അഴിമതി വ്യക്തമായത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അഴിമതിക്ക് കൂട്ടുനിന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗവും എന്‍സിപി മുന്‍ ജില്ലാ പ്രസിഡന്റും അടക്കമുള്ള നേതാക്കള്‍ വ്യക്തിപരമായി കോടികള്‍ തിരിച്ചടയ്ക്കേണ്ടതായി വരും. പണം തിരിച്ചടയ്ക്കേണ്ടവരില് ബാങ്ക് ജീവനക്കാരുമുണ്ട്.
ബിജെപി വൈക്കം നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് പി.ജി. ബിജുകുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് അഴിമതി വിവരങ്ങള്‍ പുറത്താകുന്നത്. വര്‍ഷങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കാണിത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ.എം. കുഞ്ഞുമുഹമ്മദ് 4.03 കോടി, എന്‍സിപി മുന്‍ ജില്ലാ പ്രസിഡന്റും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി. ബേബി 3.99 കോടി, സിപിഎം നേതാക്കളായ യു. ചന്ദ്രശേഖരന് നായര്‍ 40.80 ലക്ഷം, മുന്‍ സെക്രട്ടറി എസ്.ജി. ധനഞ്ജയന് 5.39 കോടി, വി.എന്‍. മനോഹരന് 3.62 കോടി, കെ.ഡി. വിശ്വനാഥന് 4.03 കോടി, ജി.പ്രദീപ് 3.51 കോടി, അനില്‍ മാത്യു 3.62 കോടി, പി.കെ. ശശികുമാര്‍ 3.51 കോടി, കെ.വി. സരോജിനി 3.51 കോടി, ടി.വി. രാജന് 3.58 കോടി രൂപ എന്നിങ്ങനെ അടയ്ക്കണം. ടി.എം. പുഷ്കരന് 40.80 ലക്ഷവും പി.എ. ഗോപാലകൃഷ്ണന് 41.79 ലക്ഷവും കെ.എം. മത്തായിയും പി.ഇ.മേരിയും പ്രമീള രാധാകൃഷ്ണനും 52.21 ലക്ഷം രൂപ വീതവും തിരിച്ചടയ്ക്കണം. വി.വി. ജനീന, മിനി ജോയി എന്നിവരും 40.80 ലക്ഷമാണ് അടയ്ക്കേണ്ടത്. എ.ഒ. അശോകന് 47.96 ലക്ഷവും കെ.കെ. മാധവനും വി.കെ. കരുണാകരന് നായരും കെ.കെ. അയ്യപ്പനും 4.2 ലക്ഷവും തിരികെ അടയ്ക്കണം എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനക്കാരായ ജോണി.വി.ജെ 19.7 ലക്ഷവും ഹരിദാസന് എം.കെ. 13.6 ലക്ഷവും ബാബുക്കുട്ടന് 4.5 ലക്ഷവും ലിജി തങ്കപ്പന് 39 ലക്ഷവും സോമന്.കെ 9.4 ലക്ഷവും വിനോദ് 8126 രൂപയും രതീഷ് കുമാര്‍ 3.6 ലക്ഷം രൂപയും തിരിച്ചടയ്ക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈടില്ലാതെ വായ്പ നല്‍കുക, ഒരേ വസ്തുവിന്റെ ഈടിന്മേല് നിരവധി വായ്പകള്‍ അനുവദിക്കുക, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഈടില്ലാതെ വായ്പ അനുവദിക്കുക, അപേക്ഷ പോലുമില്ലാതെ വായ്പ അനുവദിക്കുക, ജീവനക്കാരും ബന്ധുക്കളും രേഖകള്‍ പോലുമില്ലാതെ വായ്പയെടുക്കുക, ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അപേക്ഷയോ ഈടോ ഇല്ലാതെ വായ്പയെടുക്കുക ഇത്തരം അഴിമതികളാണ് ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ കണ്ടെത്തിയത്. ബാങ്കിലെ അക്കൗണ്ടന്റായ ഹരിദാസന് എം.കെയ്ക്ക് എതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. കോടികളുടെ ക്രമക്കേട് നടന്നിട്ടും ഇദ്ദേഹത്തിതിരെ നടപടിയെടുക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. 1999 മുതല്‍ 2004 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നിട്ടുള്ളതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഴിമതി പുറത്ത് കൊണ്ടുവന്ന ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് നിയമസഭയില്‍ വി.പി. സജീന്ദ്രന് എംഎല്‍എ വിഷയം ഉന്നയിക്കുകയും 39 കോടിയുടെ അഴിമതി നടന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: