ആലപ്പുഴ: ഭൂപരിഷ്ക്കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ സി. അച്യുതമേനോനെ വിസ്മരിച്ച മുഖ്യമന്ത്രിയും സിപിഎമ്മും, മറ്റൊരു പ്രമുഖ സിപിഐ നേതാവ് ടി.വി. തോമസിനെയും തമസ്ക്കരിക്കുന്നു. സുവര്‍ണ ജൂബിലി ഉദ്ഘാടന പ്രസംഗത്തില്‍ അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി ബോധപൂര്‍വം ഒഴിവാക്കിയിരുന്നു. സിപിഐയും മുഖപത്രവും ഇതിനെതിരെ രംഗത്തെത്തി. എന്നാല്‍ താന്‍ പേരു വിട്ടുകളഞ്ഞത് മനപ്പൂര്‍വമാണെന്നാണ് പിണറായി വിജയന് മറുപടി നല്‍കിയത്. 1967ല്‍ സിപിഐയും സിപിഎമ്മും ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ നിലംപൊത്തിയതിനെ തുടര്‍ന്ന് അധികാരത്തിലെത്തിയ അച്യുതമേനോന് സര്‍ക്കാരാണ് ഭേദഗതി നിയമം നടപ്പാക്കിയത്. കോടതി നടപടികളില്‍ കുടുങ്ങി തടസപ്പെടാത്തവിധം നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്പ്പെടുത്തിയതും അച്യുതമേനോന്റെ മികവാണെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഒന്നാം ഇഎംഎസ് സര്‍ക്കാരി നും പിന്നീട് എകെജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കുമാണ് നിയമം നടപ്പാക്കിയതിന്റെ പിതൃത്വം കല്പ്പിച്ചു നല്കാന് സിപിഎം ശ്രമിക്കുന്നത്.
ഇതിന്റെ ആവര്‍ത്തനമായാണ് സിപിഐയുടെ പ്രമുഖ നേതാവും മികവുറ്റ വ്യവസായ മന്ത്രിയുമായിരുന്ന ടി.വി. തോമസിനെയും തമസ്ക്കരിക്കാന്‍ സിപിഎം ആസൂത്രിത നീക്കം നടത്തുന്നത്. സംസ്ഥാനത്ത്, പ്രത്യേകിച്ച് ആലപ്പുഴയില്‍ നിരവധി വ്യവസായ സ്ഥാപനങ്ങളാണ് ടി.വിയുടെ നേതൃത്വത്തില്‍ തുടങ്ങിയത്. അതില്‍ പ്രധാനപ്പെട്ടതാണ് കയര്‍ മേഖലയുടെ വികസനത്തിനും നവീകരണത്തിനുമായി തുടങ്ങിയ കയര്‍ കോര്പ്പറേഷന്, ഫോംമാറ്റിങ്സ് ലിമിറ്റഡ്, കയര്‍ഫെഡ് എന്നിവ. ഇതില്‍ കയര്‍ കോര്പ്പറേഷന് ആരംഭിച്ചതിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായിരുന്നു 2019. കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കണമെന്ന് സിപിഐ പലതവണ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.
ടി.വി. തോമസിനെയും സ്മരിക്കേണ്ടി വരുമെന്ന കാരണത്താലാണ് ആഘോഷിക്കാത്തതെന്നാണ് സിപിഐക്കാര്‍ പറയുന്നത്. ആദ്യ കാലങ്ങളില്‍ കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചിലതിന്റെ ചെയര്മാന് സ്ഥാനം ഇടതു സര്‍ക്കാര്‍ സിപിഐക്ക് നല്‍കുമായിരുന്നു. അടുത്ത കാലത്തായി മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചെയര്മാന് സ്ഥാനം സിപിഎം ഏകപക്ഷീയമായി കൈയടക്കി. ടി.വി. തോമസ് തുടങ്ങിയ സ്ഥാപനത്തില്‍ ഇടതുഭരണകാലത്തു പോലും വെറും കാഴ്ചക്കാരാണ് സിപിഐക്കാര്‍.
1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു ടി.വി. തോമസ്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇദ്ദേഹം സിപിഐയില്‍ നിലയുറപ്പിച്ചു. ഇതേത്തുടര്‍ന്ന് സിപിഎം വിലക്കിന്റെ ഭാഗമായി ഭാര്യയായിരുന്ന കെ.ആര്. ഗൗരിയമ്മയ്ക്കും ടി.വിക്കും രണ്ടായി ജീവിക്കേണ്ടി വന്നതും ചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: