തിരുവനന്തപുരം: ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ തളരാതെ അരിപ്പ ഭൂസമരക്കാര്‍ 100 മണിക്കൂര്‍ നീണ്ട പട്ടിണി കഞ്ഞിവയ്‌പ്പ് സമരം അവസാനിപ്പിച്ചു. പത്തു ദിവസമായി അരിപ്പയിലെ വനവാസി വിഭാഗം ഭൂമിക്കായി തലസ്ഥാനത്ത് സമരമുഖത്താണ്. ഭൂമിക്കായുള്ള സമരത്തിന്റെ മുഖം മാറ്റാന്‍ ഒരുങ്ങുകയാണ് അരിപ്പ ഭൂസമരക്കാര്‍. സമരത്തെ പിണറായി സര്‍ക്കാരിന്റെ പോലീസ് കായികമായാണ് നേരിട്ടത്. പിന്തിരിയാന്‍ സമരക്കാരും തയാറായില്ല. സെക്രട്ടേറിയറ്റ് പടിക്കല്‍ 100 മണിക്കൂര്‍ പട്ടിണി കഞ്ഞിവയ്‌പ്പ് സമരത്തിന്റെ സമാപനം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സഹനസമരത്തെ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചാല്‍ സമയം, രീതി, സ്ഥലം എന്നിവയ്‌ക്ക് മാറ്റംവരുത്തേണ്ടതായി വരുമെന്ന് രാജഗോപാല്‍ പറഞ്ഞു. കൃഷി ചെയ്യാനുള്ള സ്ഥലം ചൂണ്ടിക്കാട്ടിയിട്ടുപോലും സര്‍ക്കാര്‍ അത് ഏറ്റെടുത്ത് നല്‍കാന്‍ തയാറാകുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സമരത്തെ തിരിഞ്ഞുപോലും നോക്കിയില്ല. പാവപ്പെട്ടവരുടെ സംഘടനയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന പൊള്ളയായ വാദം അനുഭവിച്ചവരാണ് അരിപ്പ ഭൂസമരക്കാര്‍. കര്‍ഷകവിരുദ്ധ സമീപനമാണ് ഇടതു സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
കൊല്ലം കുളത്തൂപ്പുഴയിലെ അരിപ്പ ആദിവാസി ഭൂസമരം ആരംഭിച്ച് ഏഴു വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമാവാത്തതില്‍ പ്രതിഷേധിച്ച് ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടുപടിക്കല്‍ 100 മണിക്കൂര്‍ പട്ടിണി കഞ്ഞിവയ്‌പ്പ് സമരത്തിനെത്തിയവരെ പോലീസ് കായികമായി നേരിട്ടിരുന്നു. ഡിസംബര്‍ 29ന് അരിപ്പയില്‍ നിന്ന് പദയാത്രയായെത്തിയ സമരക്കാര്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ യാത്ര അവസാനിപ്പിച്ച് പട്ടിണിക്കഞ്ഞി വയ്‌ക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു പോലീസിന്റെ നരനായാട്ട്. സ്ത്രീകളെയും പ്രായമായവരെയും ബലമായി അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളോട് ബലപ്രയോഗം നടത്തിയും സമരക്കാരെ തെരുവിലൂടെ വലിച്ചിഴച്ചുമാണ് ദളിത് ആദിവാസികളോട് പിണറായി പോലീസ് രാജ് നടപ്പാക്കിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.
തുടര്‍ന്ന് 100 മണിക്കൂര്‍ പട്ടിണികഞ്ഞിവയ്‌പ്പ് സമരം സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റി. വരുംദിവസങ്ങളില്‍ സമരം എപ്രകാരം വേണമെന്ന കൂടിയാലോചന അരിപ്പയിലെ സമരമുഖത്ത് ചേരുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റും അരിപ്പഭൂസമര നേതാവുമായ ശ്രീരാമന്‍ കൊയ്യോന്‍ വ്യക്തമാക്കി.
















