തിരുവനന്തപുരം: കേരളത്തിന്റെ അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി നടത്തിയ ആകാശ സര്‍വെ പൂര്‍ത്തിയാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച സര്‍വെ ആദ്യ ദിനം കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയായിരുന്നു. ഇന്നലെ തിരുവനന്തപുരത്താണ് സര്‍വെ പൂര്‍ത്തിയായത്. 531.45 കിലോമീറ്റര്‍ സര്‍വെയ്ക്ക് പാര്‍ട്ടെനേവിയ പി 68 എന്ന വിമാനവും അതിലെ റഡാര്‍ സംവിധാനവുമാണ് ഉപയോഗിച്ചത്. ഇതിനു പുറമെ സ്റ്റേഷന് പ്രദേശങ്ങളും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അഞ്ചു മുതല്‍ പത്തു സെന്റീമീറ്റര്‍ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്.
പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനു (കെറെയില്‍) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വെ നടത്തിയത്. സര്‍വെ വിവരങ്ങള്‍ സര്‍വെ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്ട്ടി(ഡിപിആര്‍)നു വേണ്ടിയുള്ള അലൈന്മെന്റ് നിര്‍ണയിക്കും. സര്‍വെ കൃത്യമായി പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഡിപിആറും ലൊക്കേഷന്‍ സര്‍വെയും വളരെ വേഗം തയാറാക്കി പണി തുടങ്ങാന്‍ കഴിയുമെന്ന് കെആര്‍ഡിസിഎല്‍ എംഡി വി. അജിത് കുമാര്‍ അറിയിച്ചു.
കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെറെയില്‍. തിരുവനന്തപുരം മുതല്‍ മലപ്പുറത്തെ തിരുനാവായ വരെ 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്നു മാറിയും കാസര്‍കോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായും ആകും സില്‍വര്‍ ലൈനിന്റെ അലൈന്മെന്റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. മറ്റു സ്റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയും സില്‍വര്‍ ലൈനിനുണ്ട്. 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: