ഈസ്റ്റ് മിഡ്നാപൂര്‍: ബിജെപി എംപിയുമായി വേദി പങ്കിട്ടതിന് തൃണമൂല്‍ എംഎല്‍എയ്ക്ക് കരണം കാണിക്കല്‍ നോട്ടീസ്. ബിജെപി സംസ്ഥാന പ്രസിഡന്റും സ്ഥലം എംപിയുമായ ദിലീപ് ഘോഷിനൊപ്പം വേദി പങ്കിട്ട സമ്രേഷ് ദാസിനാണ് നോട്ടീസ് നല്‍കിയത്. ദിലീപ് ഘോഷിന്റെ ലോക്സഭ മണ്ഡല പരിധിയിലുള്ള എംഎല്‍എയാണ് സമ്രേഷ് ദാസ്.
സമ്രേഷ് ദാസ് പ്രതിനിധീകരിക്കുന്ന ഇഗ്ര നിയമസഭാ മണ്ഡലത്തിലെ ശൈത്യകാല വിപണി ഉദ്ഘാടനം ചെയ്യാനാണ് ദിലീപ് ഘോഷിനെ ക്ഷണിച്ചിരുന്നത്. ക്ഷണം സ്വീകരിച്ചെത്തിയ എംപിക്കൊപ്പം എംഎല്‍എയും വേദിയിലുണ്ടായിരുന്നു. ഇവരോടൊപ്പം വേദി പങ്കിട്ട തൃണമൂല്‍ ബ്ലോക്ക് പ്രസിഡന്റ് സിദ്ദേശ്വര്‍ ബേറയെ സ്ഥാനത്തുനിന്ന് നീക്കി.
തൃണമൂല്‍ ഈസ്റ്റ് മിഡ്നാപ്പൂര്‍ ജില്ലാ പ്രസിഡന്റും എംപിയുമായ ശിശിര്‍ അധികാരിയാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. പശ്ചിമ ബംഗാളില്‍ തൃണമൂലുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കൊപ്പമോ വേദി പങ്കിടാനോ സംസാരിക്കാനോ പോലും പാടില്ലെന്ന അലിഖിത നിയമമാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടേത്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: