വാഷിംഗ്ടന്‍: ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അതിനായി അമേരിക്ക ഉപയോഗിക്കുക പുതിയ ആയുധങ്ങളായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ഇറാനെതിരെ വീണ്ടും ട്രംപ് ഭീഷണി മുഴക്കിയത്.
ഇറാന്‍ അക്രമിക്കാന്‍ മുതിര്‍ന്നാല്‍ യുഎസിന്റെ പുത്തന്‍ ആയുധങ്ങള്‍ ഇറാനിലെത്തും. രണ്ട് ലക്ഷം കോടി ഡോളറാണ് സൈനിക ആവശ്യത്തിനായി യുഎസ് ചെലവഴിക്കുന്നത്. ഇക്കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മികച്ചതു തങ്ങളാണ്. യുഎസ് സ്ഥാപനങ്ങളോ, പൗരന്മാരെയോ ഇറാന്‍ ആക്രമിച്ചാല്‍ കുറച്ച് പുതിയ ഉപകരണങ്ങളെ ഇറാനിലേക്ക് അയക്കും. അതില്‍ സംശയമൊന്നും വേണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ഇറാന്‍ ആക്രമിച്ചതു കൊണ്ടാണു തിരിച്ചടിച്ചത്. വീണ്ടും ആക്രമിച്ചാല്‍ കടുത്ത മറുപടി തന്നെയാണ് യുഎസ് നല്‍കുക. ഇറാന്‍ അങ്ങനെ ചെയ്യരുതെന്ന് ഉപദേശിക്കുകയാണെന്നും മറ്റൊരു ട്വീറ്റില്‍ ട്രംപ് വ്യക്തമാക്കുന്നു. പത്ത് മണിക്കൂറിനിടെ ഇറാനെതിരെ ട്രംപ് രണ്ടാം തവണയാണ് ഭീഷണിയുമായെത്തുന്നത്. ഇറാന്‍ ആക്രമിച്ചാല്‍ അവരുടെ 52 ഇടങ്ങളില്‍ പ്രത്യാക്രമണം നടത്തുമെന്ന് ട്രംപ് ശനിയാഴ്ച വൈകിട്ട് പ്രതികരിച്ചിരുന്നു.
















