ശബരിമല: എരുമേലി കാനനപാത വഴി ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പരമ്പരാഗത കാനന പാതയില്‍ മുക്കുഴിക്ക് സമീപം വെള്ളാരം ചെറ്റയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് എരുമേലി വഴിയുള്ള കാനനപാതയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇന്നലെ രാത്രി മുക്കുഴിയില്‍ വിരിവെച്ച് വിശ്രമിച്ച ശേഷം പുലര്‍ച്ചെ യാത്ര തുടങ്ങിയ പതിമൂന്നംഗ ഇതര സംസ്ഥാന തീര്‍ത്ഥാട സംഘത്തോടൊപ്പം വന്ന ഭക്തനാണ് കൊല്ലപ്പെട്ടത്. ഇവര്‍ കാട്ടാനക്കൂട്ടത്തിന് മുമ്പില്‍ അകപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട ആള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു.
സംഭവ സ്ഥലത്ത് അമ്പതോളം വരുന്ന കാട്ടാനകള്‍ ആക്രമാസക്തരായി കൂട്ടം കൂടി നില്‍ക്കുന്നതിനാല്‍ കൊല്ലപ്പെട്ട തീര്‍ത്ഥാടകന്റെ മൃതദേഹം വീണ്ടെടുക്കാന്‍ വനം വകുപ്പിനും പോലീസിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ ഇഞ്ചിപ്പാറകോട്ടയ്‌ക്കു സമീപം ചീനതാവളത്തിലും കാട്ടാനകളുടെ ആക്രമണം ഉണ്ടായി. രണ്ട് വിരിപ്പന്തലുകള്‍ ഭാഗീകമായി തകര്‍ക്കുകയും നിരവധി തീര്‍ത്ഥാടകരെ വിരട്ടി ഓടിക്കുകയും ചെയ്തിരുന്നു. വിരണ്ടോടിയ ഒരു ഭക്തന് സാരമായ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാത താല്‍ക്കാലികമായി അടച്ചിരിക്കുകയാണെന്ന് പമ്പാ ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശ്രീകുമാര്‍ പറഞ്ഞു.
















