കോഴിക്കോട്: ഐസ്വാള്‍ എഫ്‌സിക്ക് കേരളത്തില്‍ വിരുന്നൊരുക്കി മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഐ ലീഗ് ഫുട്‌ബോളില്‍ കളിക്കുന്ന മിസോറാമില്‍ നിന്നുള്ള ഏക ടീമായ ഐസ്വാള്‍ എഫ്‌സി, ഗോകുലം കേരള എഫ്‌സിക്കെതിരായ മത്സരത്തിനായാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയത്. വിവരമറിഞ്ഞ മിസോറാം ഗവര്‍ണര്‍ തന്റെ വസതിയില്‍ ഫുട്‌ബോള്‍ ടീമിനായി വിരുന്നൊരുക്കുകയായിരുന്നു. തങ്ങളുടെ സംസ്ഥാനത്തെ പ്രഥമ പൗരനും ഭാര്യയും ചേര്‍ന്ന് ഒരുക്കിയ വിരുന്ന് ടീമിനും വേറിട്ട അനുഭവമായി.
ഇന്നലെ രാവിലെ പത്തരയോടെയാണ് ശ്രീധരന്‍പിള്ളയുടെ തിരുത്ത്യാട്ടെ പ്രണവം വീട്ടിലേക്ക് മിസോറാം അതിഥികളെത്തിയത്. കോച്ച് സ്റ്റാന്‍ലി റൊസാരിയോ, ക്യാപ്റ്റന്‍ ആല്‍ഫ്രഡ് ജെറ്യാന്‍, മാനേജര്‍ മിങ്താന സദങ് എന്നിവരടക്കം 23 പേരാണ് വിരുന്നില്‍ പങ്കെടുത്തത്. സാന്‍ഡ്‌വിച്ചും ഗ്രില്‍ഡ് ഫിഷുമടക്കമുള്ള വിഭവങ്ങളാണ് താരങ്ങള്‍ക്കായി ഒരുക്കിയത്. ടീമിന്റെ ജഴ്‌സി കോച്ച് സ്റ്റാന്‍ലി റൊസാരിയോ, മാനേജര്‍ മിങ്താന സദങ് എന്നിവര്‍ ഗവര്‍ണര്‍ക്കും ഭാര്യ അഡ്വ. റീത്ത ശ്രീധറിനും കൈമാറി. മികച്ച കളി പുറത്തെടുക്കാന്‍ ഐസ്വാളിനും ഗോകുലത്തിനും സാധ്യമാകാന്‍ ശ്രീധരന്‍പിള്ള ആശംസിച്ചു. പ്രതിഭയും കഴിവും ശക്തിയും പ്രകടിപ്പിക്കേണ്ട വേദിയാണ് കളിക്കളം. ശത്രുക്കളായല്ലാതെ എതിരാളികളായാണ് കളിക്കളത്തില്‍ ഏറ്റുമുട്ടേണ്ടത്. വിജയിക്കുന്നവരെ അഭിനന്ദിക്കും, പരാജയപ്പെട്ടവരെയും. താന്‍ ഗവര്‍ണറായിരിക്കുന്ന മിസോറാമും തന്റെ സ്വന്തം നാടായ കേരളവും തമ്മില്‍ മത്സരിക്കാന്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍, വകഭേദമില്ലാതെ രണ്ടുപേര്‍ക്കും വിജയം നേരുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ സ്‌നേഹത്തി
നും ആശംസയ്‌ക്കും നന്ദി അറിയിച്ചാണ് ഫുട്‌ബോള്‍ ടീം മടങ്ങിയത്. മിസോറാമിലെ കായിക – ടൂറിസം വകുപ്പ് മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെയുടെ ഉടമസ്ഥതയിലുള്ളതാണ് ഐസോള്‍ എഫ്‌സി ക്ലബ്.
















