ശബരിമല: ഒരേമനസ്സും ഒരേവപുസ്സും ഒരേവചസ്സുമായി ഒരുമയോടെ അടവികളും മലകളും കടന്ന് അവരത്തെി ഹരിഹരാത്മജന്റെ തിരുസന്നിധിയില്‍. ഇരുമുടിക്കെട്ടുമായി നിറഞ്ഞഭക്തിയോടെ പതിനെട്ടാംപടി ചവിട്ടിയെത്തി അയ്യപ്പദര്‍ശനം നടത്തിയത് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള സംഘം. തോമസ് ഫെഫ്ഫറിന്റെ നേതൃത്വത്തിലുള്ള 20 സ്ത്രീകളും 16 പുരുഷന്മാരുമടങ്ങുന്ന തീര്‍ഥാടകരാണ് ഇന്നലെ ശബരീശ്വരസന്നിധിയിലെത്തി അനുഗ്രഹം തേടിയത്.
ചെക്ക് റിപ്പബ്ലിക്കിലെ സൗക്കെനിക്കയില്‍ ആത്മീയ പഠന കേന്ദ്രം നടത്തുന്നയാളാണ് തോമസ് ഫെഫ്ഫര്. സംഘത്തിലാകെ 48 പേരുണ്ടായിരുന്നെങ്കിലും 12 സ്ത്രീകള്‍ക്ക് പ്രായം 50 വയസ്സില്‍ താഴെയായതിനാല്‍ അവരെ ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചതിനു ശേഷമാണ് ദര്‍ശനത്തിനെത്തിയത്. ചിദംബരം സ്വദേശിയായ ഗുരുസ്വാമി പഴനിസ്വാമിയാണ് കെട്ടുനിറച്ച് സംഘത്തെ ശബരിമലയിലേക്ക് നയിച്ചത്. കടലുകളും കാതങ്ങളും താണ്ടി കാനനവാസനെ ദര്‍ശിച്ച് പുണ്യം നേടിയ ആഹഌദത്തിലാണ് സംഘാംഗങ്ങള്‍.
ദര്‍ശനത്തിനു ശേഷം ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി. സന്നിധാനത്തെ സ്റ്റാഫ് ഗേറ്റിനു സമീപത്തും, വാവര് നടയ്ക്കു മുന്‍വശത്തും ശരണം വിളിച്ചാണ് ഇവര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അനുഗ്രഹം വാങ്ങുവാനും ഇവര്‍ മറന്നില്ല.
ഡിസംബര്‍ 26ന് ചെന്നൈ എയര്‍ പോര്‍ട്ടിലെത്തിയ സംഘം ചിദംബരം, തഞ്ചാവൂര്‍, തിരുവണ്ണാമല, കുംഭകോണം, ട്രിച്ചി, പഴനി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലെത്തിയത്. അയ്യനെ വണങ്ങി മലയിറങ്ങിയ ചെക്ക് സംഘം രാമേശ്വരം, ചതുരഗിരി, മധുര, മഹാബലിപുരം, തിരുനെല്ലാര്‍ ക്ഷേത്രങ്ങളും സന്ദര്‍ശിച്ച ശേഷം 14ന് സ്വദേശത്തേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: